കൊഹിമ: ലൈംഗിക പീഡനക്കേസിൽ പ്രതിയായ തുടർന്ന് നാഗാലാൻഡിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് നാഗാലാന്റിന്റെ ജോയിന്റ് സെക്രട്ടറി റെനി വിൽഫ്രഡിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
റെനി വിൽഫ്രണ്ടിനെതിരെ ഐഡിഎഎൻ ജീവനക്കാർ ഉന്നയിച്ച് ആരോപണം അന്വേഷിക്കാൻ ഏപ്രിലിൽ നാഗാലാൻഡ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് അദ്ദേഹത്തെ ഐഡിഎഎൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. റെനി നിരവധി വ്യക്തികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണമുണ്ട്. സംസ്ഥാന വനിതാ കമ്മീഷൻ അതിജീവിതരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. പിന്നീട് മൊഴികൾ പോലീസിന് കൈമാറി.
2020–21 ൽ നോക്ലാക്ക് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ റെനി വിൽഫ്രഡിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ ലഭിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. 2023 ജൂണിൽ വീണ്ടും സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിർച്വലായി റെനിയോട് നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. നാഗാലാൻഡ് കേഡറിലെ 2015 ബാച്ച് ഉദ്യോഗസ്ഥനാണ്.






