തിരുവനന്തപുരം: ബന്ധുവായ പത്താം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മരണംവരെ തടവും എട്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാറാണ് ശിക്ഷ പ്രഖ്യാപിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയും മക്കളും വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ വീട്ടിലെത്തിച്ച ശേഷമാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കഴക്കൂട്ടം പൊലീസ് ഇൻസ്പെക്ടർ ജെ.എസ്. പ്രവീൺ ആയിരുന്നു. ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ സിന്ധുമോൾ ശാസ്ത്രീയ തെളിവുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു. സലിംഷയും അഡ്വ. നീലിമ ആർ. കൃഷ്ണനും ഹാജരായി.






