കൊച്ചി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ എംപി കൊച്ചിയിൽ സംഘടിപ്പിച്ച യോഗത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. യോഗത്തിൽ പങ്കെടുത്തവരിൽ ഒരാൾ കഴിഞ്ഞ ദിവസം വധശ്രമക്കേസിൽ പിടിയിലായിരുന്നുവെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
യോഗത്തിൽ കെ സുധാകരൻ ലഹരി മാഫിയക്കെതിരായ പോരാട്ടം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടതായി വീഡിയോയിൽ കാണുന്നു. ചുറുചുറുക്കുള്ള യുവാക്കളെ ഉപയോഗിച്ച് ലഹരി മാഫിയയെ തകർക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. നാടിന്റെ ശബ്ദം യുവാക്കളുടെ ശബ്ദമായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തതായും വീഡിയോയിൽ പറയുന്നു.
യോഗം യുവജനങ്ങളുടെ കൂട്ടായ്മയായിരുന്നുവെന്ന് ഡിസിസി അംഗം സുഹൈൽ ഷാജഹാൻ പ്രതികരിച്ചു. ലഹരി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ നേരിട്ട് ഇടപെടരുതെന്നും പൊലീസ് വഴി നടപടിയെടുക്കണമെന്നും യോഗത്തിൽ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
യോഗം സദുദ്ദേശത്തോടെയായിരുന്നുവെന്ന് സംഘാടകൻ ഹാരിസ് മട്ടാഞ്ചേരി പറഞ്ഞു. കേസുകളുള്ള ചിലർ പങ്കെടുത്തിട്ടുണ്ടെന്നും എന്നാൽ ഇത് ഗുണ്ടാ യോഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പേരിലുള്ള പഴയ കേസ് ഇപ്പോൾ തീരാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബ്യൂട്ടി പാർലർ വെടിവെപ്പ്, കള്ളത്തോക്ക് കേസ്, വധശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ചിലർ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.




