പാലക്കാട്: പാലക്കാട് ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ പൊലീസ്. ഫോണിൽ നിർണായകമായ ചാറ്റുകൾ ഉണ്ടായേക്കാമെന്ന നിഗമനത്തിലാണ് അന്വേഷണം. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഫോൺ കൈയിൽ എടുക്കാൻ രാഹുൽ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അത് അനുവദിച്ചില്ല. തുടർന്ന് ഫോൺ ഹോട്ടൽ മുറിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നാണ് രാഹുലിനെ ഇവിടേക്ക് എത്തിച്ചത്. ക്ലബ് സെവൻ ഹോട്ടലിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം രാഹുലിനെ വീണ്ടും പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റും.
പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനുള്ള തീരുമാനം പിന്നീട് കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയുടെ രണ്ടാം ദിവസമായ ഇന്നും രാഹുലിനെ എസ്ഐടി വിശദമായി ചോദ്യം ചെയ്യും. 15ന് വൈകിട്ട് രാഹുലിനെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ടെന്നും, ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കുമെന്നും പൊലീസ് വ്യക്തമാക്കി.



