പാലക്കാട്: ആലത്തൂർ കാവശ്ശേരി ചുണ്ടക്കാട് വക്കീൽപടിയിൽ എജെകെ കോളേജ് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് മൂന്നേകാൽ മണിയോടെയായിരുന്നു അപകടം. ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. പഴയന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കോളേജ് ബസും ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.
ടോറസ് ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് കോളേജ് ബസിന്റെ ഡ്രൈവർ സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കോളേജ് ബസ് സമീപത്തുണ്ടായിരുന്ന ഒരു കാറിലും ഓട്ടോ ടാക്സിയിലും ഇടിച്ചു. ഇതോടെ നാല് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ബസ്സിന്റെ ഒരു വശത്തിരുന്ന നാല് വിദ്യാർഥികൾക്കും ഡ്രൈവർക്കുമാണ് കാര്യമായ പരിക്കേറ്റത്. മറ്റ് വിദ്യാർഥികൾക്ക് നിസ്സാര പരിക്കുകളാണ് ഉണ്ടായത്. പരിക്കേറ്റവരെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.




