തിരുവനന്തപുരം: കരമന കാലടി കൂടത്തിൽ കൊലപാതകക്കേസിൽ പ്രതി രവീന്ദ്രൻ നായർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം. ജയമാധവൻ നായരെ കൊലപ്പെടുത്തിയത് താനല്ലെന്നാണ് രവീന്ദ്രൻ നായരുടെ നിലപാട്. തന്നെ കുടുക്കാൻ പരാതിക്കാരനായ അനിൽ തന്നെയാകാം കൊലപാതകം നടത്തിയതെന്നും ഇയാൾ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസമാണ് രവീന്ദ്രൻ നായരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വെള്ളിയാഴ്ച നാലുമണി വരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പുമാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
കസ്റ്റഡിയിൽ വാങ്ങിയതുമുതൽ രവീന്ദ്രൻ നായരെ ചോദ്യം ചെയ്തുവരികയാണ്. എന്നാൽ, കൊലപാതകം ചെയ്തിട്ടില്ലെന്ന മുൻനിലപാടിൽത്തന്നെ ഇയാൾ ഉറച്ചുനിൽക്കുകയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. പൊലീസ് കെട്ടിച്ചമച്ച കഥയിൽ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും അതിന് വഴങ്ങില്ലെന്നുമുള്ള നിലപാടാണ് ചോദ്യം ചെയ്യലിൽ രവീന്ദ്രൻ നായർ സ്വീകരിക്കുന്നതെന്നാണ് വിവരം.
കേസിന്റെ അന്വേഷണത്തിന് തുടക്കമിട്ട കാലടി സ്വദേശി അനിലിന് തന്നോട് നേരത്തേ തന്നെ വിരോധമുണ്ടെന്നും തന്നെ കുടുക്കാനായി അനിൽ തന്നെയാകാം കൊലപാതകം നടത്തിയതെന്നും രവീന്ദ്രൻ നായർ ആരോപിക്കുന്നുണ്ട്.
ശാസ്ത്രീയ തെളിവുകൾ നിരത്തി പ്രതിയെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. എന്നാൽ, അന്വേഷണത്തിലെ സാങ്കേതിക വശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയോടെയാണ് രവീന്ദ്രൻ നായർ മറുപടി നൽകുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കോടതി ജീവനക്കാരനായിരുന്ന പശ്ചാത്തലത്തിൽ ചോദ്യം ചെയ്യലിന്റെ രീതികളെക്കുറിച്ച് ഇയാൾ മുൻകൂട്ടി മനസ്സിലാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കരുതുന്നു.
ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കാത്ത സാഹചര്യത്തിൽ ഇന്ന് തെളിവെടുപ്പ് നടക്കാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയ്ക്ക് പിന്നാലെയാണ് തിരുവനന്തപുരത്തെ കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലും ബന്ധുക്കൾ സംശയം ഉന്നയിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടെ കുടുംബത്തിലെ ഏഴുപേർ ദുരൂഹസാഹചര്യങ്ങളിൽ മരിച്ചിരുന്നു. ഇതിൽ ഏറ്റവും ഒടുവിൽ 2017ൽ നടന്ന ജയമാധവൻ നായരുടെ മരണമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. മരണം കൊലപാതകമാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതോടെയാണ് രവീന്ദ്രൻ നായരുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്.




