ന്യൂഡൽഹി: പാനീയങ്ങളിൽ ‘എനർജി ഡ്രിങ്ക്’ എന്ന പദം ഉപയോഗിക്കുന്നത് വിലക്കിയ FSSAI തീരുമാനത്തെ ചോദ്യം ചെയ്ത് റെഡ് ബുൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഓസ്ട്രിയൻ ശീതളപാനീയ കമ്പനിയായ റെഡ് ബുള്ളിന്റെ ചില ഉൽപ്പന്നങ്ങളിൽ ‘എനർജി ഡ്രിങ്ക്’ എന്ന പദം ഉപയോഗിക്കുന്നതിനെയാണ് FSSAI വിലക്കിയത്.
നടപടിക്ക് മുമ്പ് റെഗുലേറ്റർ മുന്നറിയിപ്പ് നോട്ടീസ് നൽകിയില്ലെന്നാണ് റെഡ് ബുൾ കോടതിയിൽ വാദിച്ചത്. FSSAIയുടെ നടപടി ഇന്ത്യയിലെ കമ്പനിയുടെ നിക്ഷേപങ്ങളെയും ബിസിനസിനെയും ബാധിച്ചേക്കുമെന്നും കമ്പനി വ്യക്തമാക്കി. ജൂണിൽ പുറപ്പെടുവിച്ച തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന ആദ്യ കമ്പനിയാണ് റെഡ് ബുൾ. സെപ്റ്റംബർ 25നാണ് കമ്പനി ഹർജി സമർപ്പിച്ചത്.
‘എനർജി ഡ്രിങ്ക്’ എന്ന പദപ്രയോഗം ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ബ്രാൻഡിങ്ങാണെന്നാണ് FSSAIയുടെ നിലപാട്. നിയന്ത്രണം നിലവിൽ വന്നതോടെ ഇന്ത്യയിലെ ബിസിനസിനെ ബാധിച്ചതായും റെഡ് ബുൾ ആരോപിച്ചു.
അതേസമയം, റെഡ് ബുൾ-എഫ്എസ്എസ്എഐ തർക്കത്തിനിടെ രാജ്യത്തെ എനർജി ഡ്രിങ്ക് വിപണി അതിവേഗം വളരുകയാണ്. യൂറോമോണിറ്ററിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ എനർജി ഡ്രിങ്കുകളുടെ റീട്ടെയിൽ വിൽപ്പന പ്രതിവർഷം 12.6 ശതമാനം നിരക്കിലാണ് വളരുന്നത്.
2017ൽ പെപ്സി ‘Sting’ ഇന്ത്യയിൽ അവതരിപ്പിച്ചതോടെ എനർജി ഡ്രിങ്ക് വിപണിക്ക് വലിയ ഉണർവുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. 2024ൽ റെഡ് ബുൾ ഇന്ത്യയുടെ വരുമാനം 130 മില്യൺ ഡോളറിലെത്തിയിരുന്നു. നാല് വർഷം മുമ്പത്തെ വരുമാനത്തിന്റെ ഇരട്ടിയിലധികമാണിത്.
ഇന്ത്യയിലെ എനർജി ഡ്രിങ്ക് വിപണി 2028ഓടെ 1.6 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. എനർജി ഡ്രിങ്കുകളിലെ കഫെയ്ൻ, പഞ്ചസാര എന്നിവയുടെ അളവും ടോറീൻ പോലുള്ള ഘടകങ്ങളുടെ സാന്നിധ്യവും കണക്കിലെടുത്ത് വിവിധ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷാ റെഗുലേറ്റർമാർ ഇത്തരം പാനീയങ്ങളിൽ കൂടുതൽ പരിശോധന നടത്തിവരികയാണ്.
FSSAIയുടെ നടപടിക്കെതിരെ ആശങ്ക പ്രകടിപ്പിച്ച കമ്പനികളിൽ പെപ്സി, മോൺസ്റ്റർ ബിവറേജ്, റിലയൻസ് തുടങ്ങിയവയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.




