ന്യൂഡൽഹി: കഴിഞ്ഞ വർഷം ചെങ്കോട്ടയ്ക്ക് സമീപം 11 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ആക്രമണത്തിന്റെ പ്രാഥമിക ലക്ഷ്യം ചെങ്കോട്ടയായിരുന്നില്ലെന്നും ലാൽ മന്ദിർ എന്ന ജെയിൻ ക്ഷേത്രമായിരുന്നുവെന്നും എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
സ്‌ഫോടകവസ്തുക്കൾ നിറച്ച ഐ20 കാറുമായി എത്തിയ ഡോ. ഉമർ ഉൻ നബി ആദ്യം ലാൽ മന്ദിറിന് സമീപം വാഹനം പാർക്ക് ചെയ്യാനാണ് ശ്രമിച്ചത്. എന്നാൽ ഡൽഹിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കും പൊലീസിന്റെ സാന്നിധ്യവും കാരണം പദ്ധതി മാറ്റുകയായിരുന്നു. വൈകുന്നേരം 6.37ഓടെ യു-ടേൺ എടുത്ത് ചെങ്കോട്ടയിലേക്ക് തിരിഞ്ഞ വാഹനം 6.50ഓടെ ചെങ്കോട്ടയ്ക്ക് സമീപമെത്തി. തുടർന്ന് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ.
അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെടാൻ സ്‌ഫോടകവസ്തുക്കൾ നിർമിക്കുന്നതിനായി മൂത്രത്തിൽനിന്ന് യൂറിയ വേർതിരിച്ചെടുക്കുന്ന രീതിയാണ് പ്രതി സ്വീകരിച്ചതെന്നും എൻഐഎ ആരോപിക്കുന്നു. ഉമർ ഉൻ നബിയുടെയും കൂട്ടാളിയായ ഷാഹീൻ സയീദിന്റെയും പെൻഡ്രൈവുകളിൽനിന്ന് യൂറിയ നൈട്രേറ്റ് ഉപയോഗിച്ച് ബോംബ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും മൂത്രത്തിൽനിന്ന് യൂറിയ വേർതിരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും അടങ്ങിയ പിഡിഎഫ് ഫയലുകൾ കണ്ടെത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.
സ്‌ഫോടനത്തിന് തൊട്ടുമുമ്പ് 11 ദിവസത്തോളം നുഹിലെ വാടകമുറിയിൽ താമസിച്ചാണ് ഉമർ ഉൻ നബി സ്‌ഫോടകവസ്തുക്കൾ തയ്യാറാക്കിയതെന്നും എൻഐഎ പറയുന്നു. ഇയാൾ താമസിച്ചിരുന്ന മുറിയിൽ മൂത്രം നിറച്ച പോളിബാഗ് സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഇതിൽനിന്നുണ്ടായ കടുത്ത ദുർഗന്ധത്തെക്കുറിച്ച് ഒരു സ്ത്രീ പരാതി നൽകിയിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. നുഹിൽ താമസിക്കുന്നതിനിടെ പണം നൽകി പുതിയ വസ്ത്രങ്ങൾ വാങ്ങിയതും കേസിലെ നിർണായക തെളിവായി മാറിയതായി എൻഐഎ പറയുന്നു.
സ്‌ഫോടനത്തിന് മുന്നോടിയായി 2023നും 2025നും ഇടയിൽ 12 തവണ ഉമർ ഉൻ നബി ചെങ്കോട്ടയിലെത്തി നിരീക്ഷണം നടത്തിയിരുന്നു. സ്‌ഫോടനത്തിന് ആറുമാസം മുമ്പ് മെയ് ഒന്നിനായിരുന്നു അവസാന സന്ദർശനം. നിരീക്ഷണത്തിന്റെ തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാനും അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനും സന്ദർശനങ്ങൾക്കിടെ പ്രതിയും കൂട്ടാളികളും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.


