തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പരസ്പരം പഴിചാരി വൈദ്യുതി മന്ത്രി സണ്ണി ജോസഫും മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയും. മുൻ സർക്കാരിന്റെ ഏകോപനക്കുറവ് പ്രതിസന്ധിക്ക് കാരണമായെന്ന് സണ്ണി ജോസഫ് ആരോപിച്ചപ്പോൾ, പ്രതിസന്ധി മുൻകൂട്ടി കണ്ട് സർക്കാർ ജാഗ്രത പുലർത്തിയില്ലെന്ന് കെ. കൃഷ്ണൻകുട്ടി വിമർശിച്ചു.
വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്നും കെഎസ്ഇബി മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ആവശ്യമായ ഏകോപനമില്ലെന്നും കൃഷ്ണൻകുട്ടി നേരത്തെ ആരോപിച്ചിരുന്നു. എൽനിനോ സാഹചര്യം മൂലം വൈദ്യുതി ഉൽപാദനത്തെ ബാധിക്കാമെന്ന കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നിട്ടും മുൻകരുതൽ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മറുപടിയായാണ് സണ്ണി ജോസഫ് രംഗത്തെത്തിയത്. ഏകോപനക്കുറവാണ് വൈദ്യുതി പദ്ധതികൾ മുടങ്ങാൻ കാരണമെന്ന് കൃഷ്ണൻകുട്ടി തന്നെ സമ്മതിച്ചത് നന്നായെന്നും അത് സമ്മതിച്ചതിന് പ്രത്യേക നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. ദീർഘകാല വൈദ്യുതി കരാർ നഷ്ടപ്പെട്ടതും പ്രതിസന്ധിക്ക് കാരണമായെന്നും മുൻ സർക്കാരിന്റെ ഏകോപനക്കുറവും ഇതിന് കാരണമായെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, എൽനിനോ കാരണം വൈദ്യുതി ഉൽപാദനം കുറയാനുള്ള സാധ്യത മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കേണ്ടിയിരുന്നുവെന്ന് കൃഷ്ണൻകുട്ടി ആവർത്തിച്ചു. വൈദ്യുതി വകുപ്പും കെഎസ്ഇബി ബോർഡും ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
2023ൽ വൈദ്യുതി ഉൽപാദനത്തെ ഗുരുതരമായി ബാധിച്ച പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും ഏകോപനത്തിലൂടെയാണ് അത് മറികടന്നതെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. നിലവിലെ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വിവരങ്ങളിൽ ഇപ്പോഴും തന്റെ മൊബൈൽ നമ്പറാണ് നൽകിയിരിക്കുന്നതെന്നും രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുമ്പോൾ ജനങ്ങൾ തന്നെ വിളിച്ച് പരാതി പറയുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


