ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക പുരോഗതി. കേസിൽ പ്രതിയായ ഡോ. ഷഹീന്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപയാണ് എൻഐഎ തെളിവെടുപ്പിനിടെ കണ്ടെത്തിയത്. ഷഹീന്റെയും മുസമ്മിലിന്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ ചടങ്ങിൽ 12 പേർ പങ്കെടുത്തതായി എൻഐഎ സ്ഥിരീകരിച്ചു.
ഇതിനിടെ കസ്റ്റഡിയിലുള്ള ഡോ. ആദിലിനെ ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇന്ന് ഫരീദാബാദിലേക്ക് മാറ്റും. അതോടൊപ്പം അൽ ഫലാഹ് സർവകലാശാല ചെയർമാൻ ഭൂമി തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലുമായി ഇഡിയും രംഗത്തെത്തി. മരിച്ചവരുടെ പേരിലടക്കം വ്യാജ രേഖകൾ സൃഷ്ടിച്ചാണ് ഭൂമി കുംഭകോണം നടത്തിയതെന്നതാണ് ഇഡിയുടെ റിപ്പോർട്ട്.
ചെങ്കോട്ട സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എൻഐഎ. സ്ഫോടനത്തിൽ മരിച്ച ഉമർ ഡൽഹിയിലെ മറ്റ് ആശുപത്രികളിലെ ചിലരുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. ഇതിന്റെ പേരിൽ നിരവധി ആശുപത്രികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരിക്കുകയാണ് അന്വേഷണ ഏജൻസികൾ.
അൽ ഫലാഹ് സർവകലാശാലയിലെ 50-ലധികം ജീവനക്കാരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ടെന്നും ലഭിച്ച വിവരങ്ങൾ കൂടുതൽ പരിശോധനയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഉറവിടങ്ങൾ അറിയിച്ചു.










