തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് വരെയുള്ള പ്രദേശങ്ങള്‍ റെഡ്‌സോണായി പ്രഖ്യാപിച്ചു. റെഡ് സോണ്‍ മേഖലകളില്‍ ഡ്രോണ്‍ പറത്തലിനും നിരേധനം ഏര്‍പ്പെടുത്തി. മറ്റു മേഖലകളില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ഡ്രോണ്‍ പറത്താം. ഇത്തരത്തില്‍ അനുമതി ഇല്ലാത്ത ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.
രാജ് ഭവന്‍, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം തുറമുഖം, വിഎസ്എസ്സി,ഐഎസ്ആര്‍ഒ തുമ്പ, ഐഎസ്ആര്‍ഒ ഇന്റര്‍നാഷനല്‍ സിസ്റ്റം യൂണിറ്റ് വട്ടിയൂര്‍ക്കാവ്, എല്‍പിഎസ്സി/ഐഎസ്ആര്‍ഒ വലിയമല, തിരുവനന്തപുരം വിമാനത്താവളം, സതേണ്‍ എയര്‍ കമാന്‍ഡ് ആക്കുളം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്‌നോപാര്‍ക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, മിലിറ്ററി ക്യാംപ് പാങ്ങോട്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ജഗതി, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊലീസ് ആസ്ഥാനം തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്ന് പൊലീസ് അറിയിച്ചു.






