എറണാകുളം: ഗതാഗത കുരുക്കിന് ആശ്വാസം എന്നോണം കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ അടച്ച് ടാറിങ് നടത്തി. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം സുഗമമായി. ദിവസങ്ങളായി കാലടിയിൽ തുടരുന്ന ഗതാഗതക്കുരുക്കിനും ശമനമായിരിക്കുകയാണ്. കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ 2 ദിവസമായി നടത്തി വന്ന പാലം ബഹിഷ്കരണ സമരവും സമരവും അവസാനിപ്പിച്ചു. പാലത്തിന്റെ ഇരു ഭാഗത്തും ട്രിപ്പുകൾ അവസാനിപ്പിച്ചായിരുന്നു സമരം.
ഞായറാഴ്ച രാത്രിയിൽ പാലത്തിന്റെ 2 പ്രവേശന ഭാഗങ്ങളിലെയും കുഴികൾ അടയ്ക്കുകയും ടാറിങ് നടത്തുകയും ചെയ്തു. മഴ ഇല്ലാതിരുന്നതു മൂലം പണികൾ സുഗമമായി നടന്നു. രാത്രി11ന് ആരംഭിച്ച പണികൾ പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്. റോജി എം.ജോൺ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളിയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പണി സ്ഥലത്ത് ഉണ്ടായിരുന്നു.
കാലടി ടൗണിലെയും എംസി റോഡിലെ മറ്റു ഭാഗങ്ങളിലെയും അറ്റകുറ്റ പണികൾ ഉടനെ ആരംഭിക്കുമെന്ന് റോജി എം.ജോൺ എംഎൽഎ പറഞ്ഞു. ചെങ്ങന്നൂർ മുതൽ അങ്കമാലി വരെ എംസി റോഡിന്റെ അറ്റകുറ്റ പണികൾക്ക് നിയോഗിച്ചിരുന്ന കരാറുകാരൻ 3 മാസം മുൻപ് പണികൾ ഇടയ്ക്ക് നിർത്തിവച്ചു. ഇതു കാരണമാണ് മഴക്കാലം ആരംഭിച്ചതോടെ പാലവും റോഡും കുഴികളായത്. എംസി റോഡിന്റെ അറ്റകുറ്റ പണികൾക്ക് ഇപ്പോൾ പുതിയ കരാറുകാരനെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.






