തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ നേരിയ ആശ്വാസം. വൈദ്യുതി ഉപഭോഗം കുറയുകയും കാലാവസ്ഥയിൽ ഉണ്ടായ മാറ്റം മൂലം ചൂട് കുറഞ്ഞതും കെഎസ്ഇബിക്ക് ആശ്വാസമായി. ഇന്നലെ വൈദ്യുതി നിയന്ത്രണം ആവശ്യമില്ലാതിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെ അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചിരുന്നു.
പ്രകൃതിയുടെ പ്രതികൂല സാഹചര്യം മൂലമാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കിയിരുന്നു. വിതരണ–പ്രസരണ ശൃംഖലയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനായാണ് നടപടിയെന്നാണ് കെഎസ്ഇബി വിശദീകരണം.
മുന്‍കൂട്ടി അറിയിച്ചും അറിയിക്കാതെയും ചില ദിവസങ്ങളിൽ നിയന്ത്രണം നടപ്പാക്കിയിരുന്നു. നിലവിൽ 200 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെടുന്നതെന്നും അത് ഉടൻ പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചു തുടങ്ങിയതായും അധികൃതർ അറിയിച്ചു.
അതേസമയം, പ്രതിസന്ധിക്ക് ഡാം മാനേജ്മെന്റിലെ വീഴ്ചയും കാരണമായെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ഉയർന്ന തോതിൽ വെള്ളം എത്തിയിട്ടും അത് ഫലപ്രദമായി ഉപയോഗിക്കാനായില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




