തൃശൂര്‍: തൃശൂരിൽ റിമാൻഡ് തടവുകാരനായ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. വിയ്യൂർ ജയിലിൽ മർദനമേറ്റതിനെ തുടർന്നാണ് പുലക്കോട്ടുക്കര സ്വദേശിയായ രേഷ് ബാബു (36) മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മോഷണക്കേസിൽ പ്രതിയായ രേഷ് ബാബുവിനെ മേയ് 18ന് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. മേയ് 26ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
മരിച്ച രേഷ് ബാബു മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന വ്യക്തിയാണെന്നും, ഇക്കാര്യം ഉണ്ടായിരുന്നിട്ടും പൊലീസ് അത് മറച്ചുവച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. അദ്ദേഹത്തിന് മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.






