ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി . “ഭരണഘടനാപരമായ ഒരു പദവി വഹിക്കുന്നതിനാൽ, രാജ്യം ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, ഒരു പരിധിവരെ സംയമനം പാലിക്കേണ്ടതായിരുന്നു,” എന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് എ ജി മസിയും അടങ്ങുന്ന ബെഞ്ച് വിഷയത്തിൽ അഭിപ്രായപ്പെട്ടു.
അതേസമയം തനിക്കെതിരെയായ എഫ്‌ഐആർ സ്റ്റേ ചെയ്യണമെന്ന ഷായുടെ ഹർജി കേൾക്കാൻ കോടതി സമ്മതിച്ചെങ്കിലും മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സ്വമേധയാ ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന നടപടികൾ നിർത്തിവയ്ക്കാൻ കോടതി വിസമ്മതിച്ചു. വിജയ് ഷായുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. വിഷയം വിവാദമായതോടെ പരസ്യമായ ക്ഷമാപണവുമായി മന്ത്രി എത്തിയിരുന്നു.






