ഇന്ത്യ കണ്ട മികച്ച സംവിധായകരിരൊരാളാണ് രാജ്കുമാര്‍ ഹിരാനി. സംവിധായകന്റേതായി ഇതുവരെ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയവയുമാണ്. അതില്‍ ആമിര്‍ ഖാന്‍-രാജ്കുമാര്‍ ഹിരാനി കോംബോ എന്നും ബോളിവുഡ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഈ കോംബോ വീണ്ടുമൊന്നിക്കുന്നു എന്ന അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.
3 ഇഡിയറ്റ്‌സ്, പികെ എന്നീ ചിതങ്ങള്‍ക്ക് ശേഷം പുതിയ സിനിമയ്ക്കായി ആമിര്‍ ഖാനും ഹിരാനിയും ഒന്നിക്കുകയാണ്. മുന്‍പിറങ്ങിയ ചിത്രങ്ങള്‍ രണ്ടും ബോക്‌സ് ഓഫീസില്‍ വമ്പന്‍ നേട്ടമാണ് ഉണ്ടാക്കിയത്. മൂന്ന് സ്‌ക്രിപ്റ്റുകള്‍ രാജ്കുമാര്‍ ഹിരാനി തയാറാക്കിയെന്നും അതില്‍ ഒന്നാണ് ആമിറിനായി അദ്ദേഹം തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ ആമിറിന് വളരെയധികം ഇഷ്ടമായെന്നും തന്റെ വരാനിരിക്കുന്ന സിനിമയായ സിത്താരെ സമീന്‍ പറിന്റെ റിലീസിന് ശേഷം ഹിരാനി സിനിമയുടെ മറ്റു വര്‍ക്കിലേക്ക് കടക്കുമെന്നാണ് സൂചന. 2026 ല്‍ ഈ സിനിമയുടെ ഷൂട്ട് തുടങ്ങാനാണ് പദ്ധതിയെന്നാണ് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ഡങ്കി ആണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ രാജ്കുമാര്‍ ഹിരാനി ചിത്രം. സമ്മിശ്ര പ്രതികരണമാണ് സിനിമ നേടിയതെങ്കിലും ബോക്‌സ് ഓഫീസില്‍ നിന്നും 400 കോടിയോളം സിനിമ കളക്ട് ചെയ്തിരുന്നു. താപ്‌സി, വിക്കി കൗശല്‍, ബൊമന്‍ ഇറാനി തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കള്‍. രാജ്കുമാര്‍ ഹിരാനി, അഭിജാത് ജോഷി, കനിക ധില്ലന്‍ എന്നിവരായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്.
സിത്താരെ സമീന്‍ പര്‍ ആണ് ഇനി വരാനിരിക്കുന്ന ആമിര്‍ ചിത്രം. ജൂണ്‍ 20 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശര്‍മ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീന്‍ പര്‍ എന്ന സിനിമയുടെ സീക്വല്‍ ആണ് ‘സിത്താരെ സമീന്‍ പര്‍’ എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്‌റ്റേഷന്‍ ആണെന്നും നേരത്തെ ആമിര്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.






