ബംഗളൂരു: ധര്‍മ്മസ്ഥലയിലെ തെരച്ചില്‍ തുടരുന്നു. നേരത്തെ സാക്ഷി ചൂണ്ടിക്കാണിച്ച പോയിന്റുകളില്‍ മൃതദേഹാവശിഷ്ടം ലഭിച്ചതിന് പിന്നാലെയാണ് സമീപപ്രദേശങ്ങളില്‍ ഇന്നും തെരച്ചില്‍ തുടരുന്നത്. പതിമൂന്നാമത്തെ പോയിന്റിന് മുന്‍പ് ഈ പോയിന്റുകള്‍ക്ക് അടുത്ത് ഒരിക്കല്‍ കൂടി പരിശോധന പൂര്‍ത്തിയാക്കും. ഇന്ന് അന്വേഷണ സംഘം യോഗം ചേര്‍ന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി. ഡിജിപി സാക്ഷിയുമായി സംസാരിച്ചു. ഇതിനുശേഷമാണ് സമീപപ്രദേശങ്ങളില്‍ കൂടി തിരച്ചില്‍ നടത്താന്‍ തീരുമാനമായത്.
ഇത് വരെ രണ്ട് സ്‌പോട്ടുകളില്‍ നിന്നായി ആകെ നൂറോളം അസ്ഥിഭാഗങ്ങള്‍ കിട്ടിയിട്ടുണ്ട്. മിനിഞ്ഞാന്ന് മൃതദേഹാവശിഷ്ടം ലഭിച്ച പുതിയ സ്‌പോട്ടിനെ 11 എ എന്ന് വിളിക്കാനും ഈ വനമേഖലയില്‍ കൂടുതല്‍ പരിശോധന നടത്താനും തീരുമാനമായതായി എസ്‌ഐടി വൃത്തങ്ങള്‍ പറഞ്ഞു.
ധര്‍മസ്ഥലയില്‍ നിന്ന് കഴിഞ്ഞ ദിവസം കിട്ടിയ അസ്ഥികളില്‍ ടിഷ്യു ഭാഗം ഉണ്ടായിരുന്നു. മൃതദേഹം കുഴിച്ചിട്ട നിലയിലുമായിരുന്നില്ല. നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥിഭാഗങ്ങള്‍ ഉണ്ടായിരുന്നത്. അടുത്ത് ഒരു മുണ്ടും മരത്തില്‍ കെട്ടിത്തൂങ്ങിയ പോലെ ഒരു സാരി കുടുക്കിട്ടതും ഉണ്ടായിരുന്നു. അസ്ഥിയുടെ ടിഷ്യുവും മറ്റ് ഭാഗങ്ങളും ഉപയോഗിച്ച് ഫൊറന്‍സിക് പരിശോധനയില്‍ പഴക്കം നിര്‍ണയിക്കാം. ഈ കേസടക്കം എസ്‌ഐടിയാണ് അന്വേഷിക്കുക.






