ന്യൂയോർക്ക്: അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ തകർന്ന ടെഹ്റാനിലെ ആശുപത്രിയുടെ അവശിഷ്ടങ്ങളിൽ നിന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയിയെ പുറത്തെടുത്തതായി വെളിപ്പെടുത്തൽ. ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗം മൊഹ്‌സെൻ ഹൈദരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖത്തർ ആസ്ഥാനമായ അൽ അറബി ടെലിവിഷന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഫെബ്രുവരിയിൽ നടന്ന ആദ്യ ആക്രമണത്തിൽ പരിക്കേറ്റ മൊജ്തബ ഖമനെയി ചികിത്സയിലായിരുന്നുവെന്നാണ് ഹൈദരിയുടെ വിശദീകരണം. ഇതിനിടെ ടെഹ്റാനിലെ മൂന്ന് ആശുപത്രികൾ ആക്രമിക്കപ്പെട്ടു. മൂന്നാമത്തെ ആശുപത്രിയിലായിരുന്നു മൊജ്തബ ഉണ്ടായിരുന്നത്. ആക്രമണത്തിൽ ആശുപത്രി തകർന്നതോടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നുവെന്നാണ് ഹൈദരി പറഞ്ഞത്. തുടർന്ന് മൊജ്തബയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും പിന്നീട് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനെയിയെ തെരഞ്ഞെടുത്തതിനെക്കുറിച്ചും ഹൈദരി അഭിമുഖത്തിൽ വിശദീകരിച്ചു. സ്റ്റേറ്റ് ടെലിവിഷനിൽ പ്രഖ്യാപനം വരുന്നതുവരെ തന്നെ തെരഞ്ഞെടുത്ത വിവരം മൊജ്തബയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെർട്സിന്റെ ആസ്ഥാനത്തിനും ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. തുടർന്ന് അംഗങ്ങൾ രഹസ്യയോഗത്തിൽ കടലാസിലാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ഹൈദരി പറഞ്ഞു.
മൊജ്തബ ഖമനെയിയുടെ പേര് ആദ്യം നിർദേശിച്ചത് താനാണെന്നും ഹൈദരി അവകാശപ്പെട്ടു. രാജ്യത്തെ നയിക്കാൻ ആവശ്യമായ മതപരമായ യോഗ്യതയും കഴിവും മൊജ്തബയ്ക്കുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നും ഹൈദരി പറഞ്ഞു. 59 അംഗങ്ങളിൽ 50 പേർ മൊജ്തബയ്ക്ക് വോട്ട് ചെയ്തതായും എട്ട് പേർ ആയത്തുല്ല അലിറേസ അറാഫിക്ക് വോട്ട് ചെയ്തതായും ഒരാൾ വിട്ടുനിന്നതായും റിപ്പോർട്ടുണ്ട്.
ആക്രമണങ്ങൾക്ക് പിന്നാലെ മൊജ്തബ ഖമനെയിയുടെ ആരോഗ്യനില സംബന്ധിച്ച് വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് അദ്ദേഹത്തിന് ഗുരുതര പരിക്കേറ്റതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, മൊജ്തബ ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ടുകളിൽ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.












