കൊച്ചി: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാനുള്ള ബെവ്കോയുടെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. ബെവ്കോയുടെ നീക്കം സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണെന്ന് സമിതി ആരോപിച്ചു.
മെട്രോ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ മെഷീനുകൾ സ്ഥാപിക്കുന്നത് പിന്നീട് മറ്റ് മദ്യവിൽപ്പനശാലകളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും വ്യാപിക്കാൻ ഇടയാക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി.
റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യശാലകൾക്കും മദ്യപർക്കും നിയന്ത്രണമുള്ള സാഹചര്യത്തിൽ യാത്രക്കാരിലേക്ക് മദ്യം എളുപ്പത്തിൽ എത്തിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു. വിഷയത്തിൽ റെയിൽവേയുടെ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വശത്ത് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം തേടുകയും മറുവശത്ത് മദ്യവിൽപ്പന വർധിപ്പിക്കാൻ പുതിയ മാർഗങ്ങൾ തേടുകയും ചെയ്യുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും സമിതി പറഞ്ഞു.
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതായിരിക്കണം സർക്കാരിന്റെ നയമെന്നും പൊതുജനാരോഗ്യത്തിന് മുൻഗണന നൽകണമെന്നും കെസിബിസി ആവശ്യപ്പെട്ടു. പുതിയ മദ്യത്തിന് പേരിടാൻ അബ്കാരി ചട്ടങ്ങൾ മറികടന്ന് പരസ്യം നൽകി മത്സരം സംഘടിപ്പിക്കാനുള്ള ബെവ്കോയുടെ മുൻ നീക്കം പരാജയപ്പെട്ട കാര്യം ഓർമിക്കണമെന്നും സമിതി പറഞ്ഞു.


