പാലക്കാട്: തിരുവഴിയാട് വരെ ടാറിങ് പൂർത്തിയാക്കിയ നെന്മാറ–ഒലിപ്പാറ റോഡിൽ ശേഷിക്കുന്ന ഒലിപ്പാറ വരെയുള്ള ഭാഗത്ത് ടാറിങ്ങിനു മുൻപ് ചെയ്യേണ്ട ജോലികൾ ഇന്നോ നാളെയോ തുടങ്ങും. ഇതിനുള്ള സാമഗ്രികൾ ശേഖരിച്ചു വരികയാണ്. ആകെയുള്ള 10.8 ൽ 3.3 കി.മീറ്റർ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മുൻ നിശ്ചയിച്ച പ്രകാരം 23ന് ആരംഭിക്കേണ്ട നവീകരണ പ്രവർത്തനം പല കാരണത്താൽ 4 ദിവസം നീണ്ടുപോയി.
കരാർ വ്യവസ്ഥപ്രകാരം തയാറാക്കിയ കലണ്ടർ പ്രകാരം 9 ദിവസം വേണ്ടിവരുമെന്നു പറയുന്ന ആദ്യഘട്ട ജോലി 31ന് തീർക്കേണ്ടതായിരുന്നു. അടുത്ത ഘട്ടമായി റോഡിൽ മെക്കാഡം നിരത്തേണ്ട ജോലി ഫെബ്രുവരി 12നും തുടർന്ന് 22 മുതൽ റോഡിൽ ബിറ്റുമിൻ മെക്കാഡം നിരത്തുന്ന ജോലി മാർച്ച് 3നും തീർക്കണം.
അവസാനമായി കണിമംഗലം മുതൽ ഒലിപ്പാറ വരെ റോഡിൽ ബിറ്റുമിൻ കോൺക്രീറ്റുമിട്ട് മാർച്ച് 20ന് മുൻപ് തീർക്കേണ്ടതാണ്. റോഡ് പണി കഴിഞ്ഞാൽ മാർച്ച് 31ന് മുൻപ് റോഡിൽ വരകളും മറ്റു ചിഹ്നങ്ങളുമിട്ട് നാടിനു സമർപ്പിക്കും. പാതയുടെ വീതി കൂടുകയും രണ്ടുവരിപ്പാതയാകുകയും ചെയ്താലും വീതി കുറഞ്ഞ തിരുവഴിയാട് പൂത്തൻകടവ് പാലത്തിന്റെ പ്രശ്നം മുഴച്ചു നിൽക്കും. കയ്പഞ്ചേരിക്കും തിരുവഴിയാട്ടിനും ഇടയിൽ 85 വർഷത്തിലധികം പഴക്കമുള്ള പുഴപ്പാലത്തിലൂടെ ഒരു വാഹനത്തിനു കടന്നുപോകാനുള്ള വീതിയേ ഉള്ളൂ. എതിരെ വരുന്ന വാഹനങ്ങൾക്ക് ഒരുവശത്തു നിർത്തിയിടാനേ നിർവാഹമുള്ളൂ.
വീതിയുള്ള പാതയിലൂടെ വരുന്ന വാഹനയാത്രക്കാർക്ക് നല്ല വളവിലായി സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഈ പാലം ഭീഷണിയാണ്. കാലപ്പഴക്കം കൊണ്ടു ബലക്ഷയം ബാധിച്ച പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാണ്. പാലത്തോടു ചേർന്ന പാതയിലെ രണ്ട് ഭാഗത്തും അപകടം മണത്തതോടെ 4 വർഷം മുൻപ് കരിങ്കൽ ഭിത്തി നിർമിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ടാറിങ് പൂർത്തിയാക്കിയതോടെ കൂടുതൽ വേഗത്തിൽ വാഹനങ്ങൾ പോകുന്നത് അപകടം വിളിച്ചുവരുത്തും.
നെന്മാറ– ഒലിപ്പാറ റോഡ് നവീകരണം നിശ്ചയിച്ച സമയത്തിനകം പൂർത്തിയാക്കുന്നത് ഉറപ്പ് വരുത്താൻ കരാർ ഉടമയുമായി ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. കരാർ ഉടമയ്ക്കെതിരെ കടുത്ത നടപടികളിലേക്കു നീങ്ങാതെ മഴക്കാലത്തിനു മുൻപ് ഏതുവിധേനയും പണി പൂർത്തിയാക്കാനാണു ശ്രമം. 3 വർഷം മുൻപ് ടെൻഡർ കഴിഞ്ഞിട്ടും നിശ്ചയിച്ച സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാത്തതിനു സർക്കാരിനുണ്ടായ നഷ്ടം 50 ലക്ഷത്തോളം വരുമെന്നു അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജി.കെ.സുനിൽകുമാർ പറഞ്ഞു.
ഇത് കരാറുകാരനിൽ നിന്നു ഈടാക്കും. കരാർ ഉടമയ്ക്കെതിരെ നിയമ നടപടിയുമായി പൊതുമരാമത്ത് വകുപ്പ് മുന്നോട്ടു പോയപ്പോൾ ചോദ്യം ചെയ്തു കോടതിയെ സമീപിച്ച കരാർ ഉടമയ്ക്ക് അനുകൂല വിധി ലഭിച്ചിരുന്നു. നീക്കം ചെയ്യുന്നതിനു ഒരു മാസം മുൻപ് പൊതുമരാമത്ത് വകുപ്പ് നോട്ടിസ് നൽകി കരാർ ഉടമയെ കേൾക്കണമെന്നാണ് നിർദേശം. ഒലിപ്പാറ വരെയുള്ള റോഡ് പണി ഏതാനും ദിവസങ്ങൾ നീണ്ടുപോയാൽ അധികൃതർ കർശന നടപടിക്കു മുതിരില്ല.
നല്ല രീതിയിൽ സമ്മർദം ചെലുത്തി മാർച്ച് 31ന് മുൻപ് പണി പൂർത്തിയാക്കാനാകും ശ്രമിക്കുക. കഴിഞ്ഞ ദിവസം ടാറിങ് പൂർത്തിയാക്കിയ ഭാഗം ഇന്നലെ അളന്നു തിട്ടപ്പെടുത്തിയിരുന്നു. 2023 ൽ കേന്ദ്ര സർക്കാരിന്റെ സെൻട്രൽ റോഡ് ഇൻഫ്രാ സ്ക്ട്രക്ചർ ഫണ്ടിൽ അനുവദിച്ച 16.5 കോടി രൂപ വിനിയോഗിച്ചാണ് നവീകരണം.






