റോബർട്ട് വാദ്രയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മരുമകൻ ആണെങ്കിലും ഗാന്ധി കുടുംബത്തിലെ നിറസാന്നിധ്യമാണ് റോബർട്ട് വാദ്ര. രാജീവ് ഗാന്ധിയുടെ മകളും ഇന്ദിരാ ഗാന്ധിയുടെ ചെറുമകളുമായ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവാണ് അദ്ദേഹം. രാഷ്ട്രീയ മോഹം പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ടെലും വ്യാവസായരംഗത്തായിരുന്നു അദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ. പ്രിയങ്കയ്ക്കു പിന്നാലെ ശരിയായ സമയത്ത് താന്‍ പാര്‍ലമെന്റില്‍ എത്തുമെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയങ്കയുമായുള്ള വിവാഹത്തിന് ശേഷം പലതവണ പാർട്ടി വേദികളിൽ അദ്ദേഹം എത്തിയിട്ടുണ്ട്.
പ്രധാനമായും തെരഞ്ഞെടുപ്പ് വേളകളിലാണ് റോബർട്ട് വാദ്ര എത്തിയിട്ടുള്ളത്. എന്നാൽ, അപ്പോഴൊന്നും മത്സര മോഹമൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് മത്സരിക്കാനുള്ള താല്‍പര്യം വാദ്ര പ്രകടിപ്പിച്ചത്. താന്‍ അമേഠിയില്‍ മത്സരിക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യം ഉയരുന്നുണ്ടെന്ന് വദ്ര അന്ന് അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ കുടുംബത്തിന്റെ അനുഗ്രഹത്തോടെ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നാണ് റോബര്‍ട്ട് വദ്ര പറഞ്ഞത്.






