ബെംഗളൂരു: കമ്പനി നൽകിയ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. സാമ്പത്തിക തട്ടിപ്പിന് പുറമെ, കമ്പനിയിലെ മുതിർന്ന മാനേജ്‌മെന്റ് ഉദ്യോഗസ്ഥനെ അശ്ലീല ഉള്ളടക്കങ്ങൾ അയച്ച് ഭീഷണിപ്പെടുത്തിയതായും യുവാവിനെതിരെ പരാതിയുണ്ട്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെ ചെലവഴിക്കാൻ അനുമതിയുള്ള ക്രെഡിറ്റ് കാർഡാണ് യുവാവിന് നൽകിയിരുന്നത്. എന്നാൽ 2023 ഒക്ടോബർ മുതൽ 2024 ജനുവരി വരെയുള്ള വെറും നാല് മാസത്തിനിടെ 27,01,139 രൂപ ഇയാൾ ദുരുപയോഗം ചെയ്തതായി കമ്പനി ആരോപിക്കുന്നു.
സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട കമ്പനി ജനുവരി 12-ന് ഇയാൾക്ക് വിശദീകരണം ചോദിച്ച് ഇമെയിൽ അയച്ചിരുന്നു. ഇതിന് മറുപടിയായി, ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള അജ്ഞാതരുടെ ഭീഷണിയെത്തുടർന്നാണ് താൻ പണം വകമാറ്റി ചെലവഴിച്ചതെന്ന് യുവാവ് സമ്മതിച്ചു. തുക മൂന്ന് ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് ഉറപ്പുനൽകിയ ഇയാൾ ഫെബ്രുവരി രണ്ടാം വാരത്തോടെ ആദ്യ ഗഡുവായി 10 ലക്ഷം രൂപ നൽകാമെന്നും അറിയിച്ചിരുന്നു.
തുക തിരിച്ചടയ്ക്കാൻ കമ്പനി സാവകാശം നൽകിയെങ്കിലും യുവാവ് വാക്ക് പാലിച്ചില്ല. പണം തിരികെ ചോദിച്ചതോടെ ഫെബ്രുവരി 9-ന് തന്റെ മാനേജർക്ക് അശ്ലീല ചിത്രങ്ങൾ അയക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കി മാനസികമായി സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് കമ്പനി നിയമനടപടികളിലേക്ക് നീങ്ങിയത്.
കമ്പനിയുടെ പരാതിയിൽ വർത്തൂർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഭീഷണിക്ക് പിന്നിലെ സത്യാവസ്ഥയെക്കുറിച്ചും പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




