വാഷിങ്ടൺ: ഇറാനുമായി ബന്ധപ്പെട്ട വെടിനിർത്തൽ നീട്ടാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സാധാരണ സമാധാന നീക്കം മാത്രമല്ലെന്നും, ഇറാന്റെ പ്രധാന വരുമാനമായ എണ്ണമേഖലയെ തകർക്കാനുള്ള കണക്കുകൂട്ടലാണെന്നും റിപ്പോർട്ടുകൾ. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇറാന്റെ എണ്ണ കയറ്റുമതിയെ തടയുന്ന നാവിക ഉപരോധം അമേരിക്ക തുടരുകയാണ്. ഇതിനെ വിദഗ്ധർ “സാമ്പത്തിക യുദ്ധം” എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കം. കയറ്റുമതി തടസപ്പെട്ടതിനാൽ സംഭരണശാലകൾ ഉടൻ നിറയുമെന്നും അതോടെ എണ്ണ ഉത്പാദനം നിർത്തേണ്ട സാഹചര്യമുണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇത് ഇറാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പഴയ എണ്ണപ്പാടങ്ങളായതിനാൽ ഉത്പാദനം നിർത്തിയാൽ പുനരാരംഭിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എണ്ണ കുഴലുകളിൽ നിൽക്കുന്ന ക്രൂഡ് ഓയിൽ കട്ടപിടിക്കാനും സിസ്റ്റം ബ്ലോക്കാവാനും സാധ്യതയുണ്ടെന്നും ഇതു ഭൂമിക്കടിയിലെ ഘടനയെ പോലും ബാധിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഉത്പാദനം നിർത്തേണ്ടി വന്നാൽ ഇറാന് പ്രതിദിനം 3 ലക്ഷം മുതൽ 5 ലക്ഷം ബാരൽ വരെ എണ്ണ നഷ്ടമാകും. ഇതുവഴി വർഷംതോറും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും കണക്കാക്കുന്നു. ഇറാൻ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര വിള്ളലുകളും അമേരിക്ക പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. സൈനിക നടപടികളേക്കാൾ ശക്തമായ ഫലങ്ങൾ സാമ്പത്തിക ഉപരോധത്തിലൂടെ ലഭിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.




