മോസ്കോ: ഓർത്തഡോക്സ് ഈസ്റ്റർ ഉത്സവത്തോടനുബന്ധിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അമേരിക്കയുടെ മധ്യസ്ഥതയിൽ മുന്നോട്ടുവച്ച നിർദേശം പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ക്രെംലിൻ അറിയിച്ചു. പ്രഖ്യാപനപ്രകാരം ഏപ്രിൽ 11 വൈകിട്ട് നാല് മണി മുതൽ ഏപ്രിൽ 12 അർധരാത്രിവരെ സൈനിക നടപടികൾ പൂർണ്ണമായും നിർത്തിവെക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ നാല് വർഷമായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. സമാധാന ശ്രമങ്ങളുടെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നാലും, യുക്രെയ്ന് ഭാഗത്ത് നിന്ന് ഏതെങ്കിലും പ്രകോപനം ഉണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.




