മോസ്കോ: ലോകത്തിലെ ഏറ്റവും ശക്തമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലെന്ന് വിശേഷിപ്പിക്കുന്ന ‘സർമറ്റ്’ മിസൈൽ പരീക്ഷിച്ച് റഷ്യ. ‘സെയ്റ്റൻ II’ എന്ന പേരിലും അറിയപ്പെടുന്ന ഈ മിസൈൽ റഷ്യയുടെ ആണവ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.
റഷ്യൻ ആണവസേനയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
സർമറ്റ് മിസൈൽ ഈ വർഷാവസാനത്തോടെ സൈനിക സേവനത്തിലേക്ക് ഉൾപ്പെടുത്തുമെന്നും പുടിൻ അറിയിച്ചു. സോവിയറ്റ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വോയേവോഡ മിസൈലുകൾക്ക് പകരമായാണ് പുതിയ മിസൈൽ വികസിപ്പിച്ചിരിക്കുന്നത്. വോയേവോഡയെപ്പോലെ അതിവിശാലമായ ആക്രമണ ശേഷിയും ഉയർന്ന കൃത്യതയും സർമറ്റിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ആണവ നിയന്ത്രണ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനിടെയാണ് പുതിയ പരീക്ഷണം നടന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്നിന് നൽകുന്ന പിന്തുണ തടയാൻ റഷ്യ നിരന്തരം ആണവ ശക്തി പ്രദർശിപ്പിച്ചുവരികയാണ്. 2000ൽ അധികാരത്തിലെത്തിയതുമുതൽ റഷ്യയുടെ ആണവ ത്രയത്തിന്റെ നവീകരണത്തിന് പുടിൻ വലിയ പ്രാധാന്യം നൽകിയിരുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.






