തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പിന്നാലെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കി. 14 ദിവസത്തേക്കാണ് ശങ്കര ദാസിനെ റിമാൻഡ് ചെയ്തത്.






