തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കേന്ദ്ര അന്വേഷണത്തിനു വഴി തുറക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രംഗത്ത്.
കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കാന്‍ ഇ.ഡി തീരുമാനിച്ചു.
ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ECIR) റജിസ്റ്റര്‍ ചെയ്ത് കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാനാണ് നീക്കം.
തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു കളമൊരുങ്ങിയിരിക്കെ സംസ്ഥാന സര്‍ക്കാരിനെയും ഭരണ മുന്നണിയെയും സമ്മര്‍ദത്തിലാക്കുന്ന മറ്റൊരു കേസില്‍ കൂടി അന്വേഷണം ആരംഭിക്കാനാണ് കേന്ദ്ര ഏജന്‍സി ഒരുങ്ങുന്നത്.
സ്വര്‍ണക്കൊള്ളയില്‍ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്ത ഘട്ടത്തില്‍ തന്നെ എഫ്‌ഐആര്‍ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ എഫ്‌ഐആര്‍ ആ ഘട്ടത്തില്‍ നല്‍കാനാകില്ലെന്നു ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു .
ഇതിനെതിരെ അപ്പീല്‍ നല്‍കാനും ഇ.ഡി നീക്കമുണ്ട്. രാജ്യാന്തര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുടെ സാന്നിധ്യമടക്കം പരിശോധിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ച കേസില്‍ കള്ളപ്പണ ഇടപാടിനുള്ള വലിയ സാധ്യതയാണ് ഇ.ഡി കാണുന്നത്.






