തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ഉടന്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. അവധികാലത്തിന് ശേഷം പരിഗണിക്കും.
ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജിയും അവധിക്ക് ശേഷം പരിഗണിക്കും. അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും എല്ലാവരെയും പിടികൂടട്ടെയെന്നും അവധിക്കാല ബെഞ്ച് ഹര്‍ജി പരിഗണിക്കവേ പറഞ്ഞു.
വിജിലന്‍സ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് എ പത്മകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തി.
അന്വേഷണം തണുപ്പന്‍ രീതിയലല്ലേ എന്ന് മറ്റൊരു ബെഞ്ചിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി അവധിക്കാല ബെഞ്ച്. എ പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചോദ്യം.
ഡിസംബര്‍ അഞ്ചിന് ശേഷം കേസിലെ അന്വേഷണം മെല്ലപ്പോക്കാണെന്ന് ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു.
വമ്പന്‍ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.



