തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ ആവശ്യം തള്ളി സ്പീക്കർഎ എൻ ഷംസീർ. ശ്രീകോവിലിലെ ശിൽപ്പം പൊതിഞ്ഞ സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വർണപ്പാളിയുടെ തൂക്കം നാല് കിലോയോളം കുറഞ്ഞു എന്നും കണ്ടെത്തിയത് വിശ്വാസ സമൂഹത്തിൽ കടുത്ത ആശങ്ക ഉണ്ടാക്കിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കാനും ചർച്ച നടത്താനും അനുമതി ആവശ്യപ്പെട്ടത്. സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ, കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളിൽ മുമ്പ് അടിയന്തര പ്രമേയ നോട്ടീസ് വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ പറഞ്ഞു. അയ്യപ്പ സംഗമം കലക്കാൻ ശ്രമിച്ചിട്ട് നടക്കാത്തതിലുള്ള അതൃപ്തിയാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. കോടതിയിലിരിക്കുന്ന കാര്യം മനഃപൂർവം കൊണ്ടുവന്ന് ബഹളമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയോട് സർക്കാർ അവഗണന തുടരുകയാണെന്നും അതിനാൽ ഇക്കാര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കേസ് ഈ മാസം 30ന് വീണ്ടും പരിഗണനയിൽ വരുന്നുണ്ടെന്നും ഇന്ന് അത് ചർച്ച ചെയ്തെങ്കിൽ കഴിഞ്ഞ മൂന്ന് ദിവസത്തേക്കാൾ പരിഹാസ്യരായി പ്രതിപക്ഷത്തിന് ഇറങ്ങിപ്പോകേണ്ടി വന്നേനെയെന്നും മന്ത്രി പി രാജീവ് പറഞ്ഞു.






