കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം എ. അജികുമാറും. ഇരുവർക്കുമായി അഭിഭാഷകർ കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നാണ് ഇരുവരുടെയും വാദം. ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോകാനുള്ള തീരുമാനം തങ്ങൾക്ക് മുൻപുള്ള ദേവസ്വം ബോർഡിന്റേതായിരുന്നുവെന്നും ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
അറസ്റ്റിന് ശേഷം കേസിൽ കാര്യമായ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ അറസ്റ്റിന് ശേഷം മറ്റാരെയും ചോദ്യം ചെയ്തിട്ടില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. തങ്ങളെ അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്നും ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. അജികുമാർ തന്റെ ആരോഗ്യപ്രശ്നങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അറസ്റ്റിലായി 19-ാം ദിവസമാണ് ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചത്. ജൂലൈ 23-നാണ് പ്രത്യേക അന്വേഷണ സംഘം പ്രശാന്തിനെയും അജികുമാറിനെയും അറസ്റ്റ് ചെയ്തത്. ആദ്യം പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം പിന്നീട് അജികുമാറിനെ വിളിച്ചുവരുത്തി. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
2025ൽ ദ്വാരപാലക വിഗ്രഹങ്ങളുടെ പാളികൾ സ്വർണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. 2019ൽ നടന്ന സ്വർണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു 2025ലെ നടപടിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികൾ നൽകുന്നതിലും ഫയൽ നടപടികളിലും അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന് പങ്കുണ്ടെന്നും അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിന് പുറമെ ശബരിമല നെയ്യ് ക്രമക്കേട് കേസിലും പി.എസ്. പ്രശാന്തും എ. അജികുമാറും പ്രതികളാണ്. മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതിനുള്ള ടെൻഡറിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. മിൽമയ്ക്ക് കരാർ ലഭിക്കുന്നതിനായി പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും കേസിൽ പ്രതി ചേർത്തത്.




