തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ പ്രവീൺ എന്ന് വിളിക്കുന്ന തോമസ് (37) ആണ് മരിച്ചത്. താഴംപള്ളി ലേലഹാളിന് സമീപത്തെ കായലിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഫിഷറീസ് വാർഡൻമാർ മൃതദേഹം കരയ്ക്കെത്തിച്ച ശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. താഴംപള്ളി ലേലഹാളിന് സമീപം മത്സ്യവിൽപനയ്ക്ക് ശേഷം വള്ളം വൃത്തിയാക്കുന്നതിനായി പോയപ്പോഴാണ് തോമസ് കായലിൽ വീണത്. അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് തോമസ് ജോലിക്കെത്തിയത്. മറ്റ് മൂന്ന് തൊഴിലാളികളും വള്ളത്തിലുണ്ടായിരുന്നു. ജോലി ചെയ്യുന്നതിനിടെ തോമസ് വള്ളത്തിൽനിന്ന് കായലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ ആറ്റിങ്ങലിൽനിന്നെത്തിയ ഫയർഫോഴ്സ് സ്കൂബ സംഘവും മത്സ്യത്തൊഴിലാളികളും ചേർന്ന് ഒരു മണിക്കൂറിലേറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം ഇന്നലെ രാത്രി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ലേലഹാളിന് സമീപത്തുനിന്ന് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്.




