സ്വപ്‌നങ്ങൾ കാണുക എന്നിട്ട് അത് നേടിയെടുക്കുക എന്നതൊക്കെ വലിയ കാര്യമാണ്. എന്നാൽ അതിന് ഇച്ഛാശക്തിയും കഠിനാധ്വാനവുമൊക്കെ ആവശ്യമാണ്. അങ്ങനെ സ്വപ്‌നങ്ങൾ കീഴടക്കി എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ വിജയ പതാക നാട്ടിയിരിക്കുകയാണ് ഖത്തറിലെ പ്രവാസിയായ മലയാളി സഫ്രീന ലത്തീഫ്. ദീർഘകാലമായി കുടുംബമായി ഖത്തറിൽ താമസിക്കുകയാണ് സഫ്രീന.
ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെ കാൽചുവട്ടിലാക്കിയ ആദ്യ മലയാളി വനിതയെന്ന അപൂർവ നേട്ടമാണ് സഫ്രീന കാൽചുവട്ടിലാക്കിയത്. നേപ്പാൾ സമയം രാവിലെ 10:25 ന്, 20 മണിക്കൂറിലധികം തണുത്തുറഞ്ഞ താപനിലയെയും ശക്തമായ കാറ്റിനെയും മറികടന്ന് 8,848 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ സഫ്രീന എത്തി. ഇതോടെ കേരളത്തിൽ നിന്ന് എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യ വനിതയായി അവർ മാറി. ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ സർജനായ ഭർത്താവ് ഡോ. ഷമീൽ മുസ്തഫയ്ക്കും മകൾ മിൻഹയ്ക്കുമൊപ്പം 2001 മുതൽ ഖത്തറിലാണ് സഫ്രീന താമസിക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിന്റെയും അഭിനിവേശത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് സഫ്രീന പറയുന്നു.
ഭർത്താവിനൊപ്പം ടാൻസാനിയയിലെ കിളിമഞ്ചാരോ (5,895 മീറ്റർ), അർജന്റീനയിലെ അക്കോൺകാഗ്വ (6,961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5,642 മീറ്റർ) എന്നീ പർവതങ്ങൾ സഫ്രീന കീഴടക്കിയിട്ടുണ്ട്. കസാക്കിസ്ഥാനിൽ ഉയർന്ന ഉയരത്തിലുള്ള ഐസ് പരിശീലനവും സഫ്രീന പൂർത്തിയാക്കിയിട്ടുണ്ട്. വേങ്ങാട് കെ.പി. സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പി.എം. അബ്ദുൽ ലത്തീഫിൻെറയും മകളാണ് സഫ്രീന.
Content: Safrina Latif becomes the first Malayali to climb Mount Everest






