ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപുരിൽ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന മുസ്ലിം പള്ളി പൊളിച്ചുനീക്കി. അനധികൃത നിർമാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് കുൽദീപ് സിങ് പള്ളി കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച പുലർച്ചെയാണ് അധികൃതർ പൊളിക്കൽ നടപടി ആരംഭിച്ചത്.
സർക്കാർ ഭൂമി കൈയേറി അനധികൃതമായി പള്ളി നിർമിച്ചെന്നാരോപിച്ച് ബജ്റങ്ദൾ മുൻ കോർഡിനേറ്റർ വികാസ് ത്യാഗിയാണ് പരാതി നൽകിയത്. പള്ളി കമ്മിറ്റി കെട്ടിടത്തിലെ മറ്റ് മുറികൾ വാടകയ്ക്ക് നൽകിയിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പരാതി പരിഗണിച്ച മജിസ്ട്രേറ്റ്, സർക്കാർ ഓഫീസുകളുടെ സുരക്ഷയെ ബാധിക്കുന്ന കൈയേറ്റമായതിനാൽ കെട്ടിടം പൊളിച്ചുനീക്കുന്നത് അനിവാര്യമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. സർക്കാർ ഭൂമി കൈയേറിയതിന് 6.41 കോടി രൂപ പിഴയും ചുമത്തി.
അതിനിടെ, പള്ളി പൊളിക്കുന്ന നടപടിക്കിടെ കൈരാനയിലെ സമാജ്‌വാദി പാർട്ടി എംപി ഇഖ്റ ഹസ്സനെ പൊലീസ് വീട്ടുതടങ്കലിലാക്കിയതായും ആരോപണമുണ്ട്. പള്ളി പൊളിക്കുന്ന വിവരം അറിഞ്ഞ് സ്ഥലത്തേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് വൻ പൊലീസ് സംഘം വീട്ടിലെത്തിയതെന്ന് ഇഖ്റ ഹസ്സൻ ആരോപിച്ചു. ജനങ്ങളുടെ ആശങ്കകൾ അധികൃതരെ അറിയിക്കാനായിരുന്നു താൻ പോകാൻ ശ്രമിച്ചതെന്നും പൊലീസ് തന്നെ തടഞ്ഞെന്നും എംപി പറഞ്ഞു.
സംഭവത്തിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യോഗി സർക്കാരിനെതിരെ രംഗത്തെത്തി. ഇഖ്റ ഹസ്സനെ വീട്ടുതടങ്കലിലാക്കിയ നടപടിയെ ചോദ്യം ചെയ്ത അഖിലേഷ് യാദവ്, മതസൗഹാർദം നിലനിർത്തുകയെന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണെന്നും പ്രതികരിച്ചു.



