കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിലാണ് പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്.
സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്ന് കത്തിൽ ആരോപിച്ചു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെ പുരുഷ പൊലീസ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹുസ്വര സമൂഹത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ആലപിക്കുന്ന സമവായമാണ് നിലനിന്നിരുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. എൺപത് വർഷത്തിലേറെയായി തുടരുന്ന ഈ സമവായം തകർത്ത് വന്ദേമാതരം പൂർണമായി ആലപിക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയതലത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നടപടികളെ വിമർശിക്കുകയും ചെയ്യുന്ന കോൺഗ്രസ്, കേരളത്തിൽ വിദ്യാർത്ഥികളെ ഫാസിസ്റ്റ് ശൈലിയിൽ നേരിടുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതിൽ സോണിയ ഗാന്ധി പോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കത്തിൽ പരാമർശിച്ചു. കേരളത്തിലെ കോൺഗ്രസ് സർക്കാർ സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
അതേസമയം, സർവകലാശാല നിയമത്തിൽ യുജിസി ചട്ടങ്ങൾക്കനുസൃതമായി ഭേദഗതി വരുത്താമെന്ന് കോടതിയിൽ സർക്കാർ സമ്മതിച്ചതിലൂടെ സർവകലാശാലകളുടെ മേൽ ഗവർണർക്കുള്ള അധികാരം അംഗീകരിച്ചിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. സർവകലാശാലകളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ വഴങ്ങുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ സംഘപരിവാർ പ്രീണന നയങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമങ്ങളിൽ നിന്നും പിന്തിരിയാൻ എഐസിസി അധ്യക്ഷൻ അടിയന്തരമായി ഇടപെടണമെന്നും പിണറായി വിജയൻ കത്തിലൂടെ ആവശ്യപ്പെട്ടു.
അതിനിടെ, ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. സംഭവത്തിൽ യഥാർഥത്തിൽ എന്താണ് നടന്നതെന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.




