കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാനെ ഉൾപ്പെടുത്തി. പരിക്കേറ്റ് പുറത്തായ സായ് സുദർശനു പകരമാണ് സർഫറാസ് വീണ്ടും ടീമിൽ ഇടം കണ്ടെത്തിയത്. ഇടവേളയ്ക്കു ശേഷമാണ് താരം തിരിച്ചെത്തുന്നത്. കാലിലെ പരിക്കിനെ തുടർന്ന് സായ്, ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയും പരിശീലനവുമായി തുടരുകയാണ്.
ആദ്യ ടെസ്റ്റിനു മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കുമെന്നായിരുന്നു മാനേജ്മെന്റിന്റെ പ്രതീക്ഷ. എന്നാൽ താരത്തിനു പരമ്പര പൂർണമായി നഷ്ടമാകുമെന്നു ഉറപ്പായിരുന്നു. പിന്നാലെയാണ് സർഫറാസിനെ ടീമിൽ ഉൾപ്പെടുത്തിയത്. രണ്ട് വർഷത്തോളം പുറത്തിരുന്നിട്ടാണ് സർഫറാസിന്റെ തിരിച്ചുവരവ്. ഇതുവരെയായി ഇന്ത്യക്കായി 6 ടെസ്റ്റുകൾ കളിച്ച താരം 37.10 റൺസ് ശരാശരിയിൽ 3 അർധ സെഞ്ച്വറികൾ ഉൾപ്പെടെ 317 റൺസ് നേടിയിട്ടുണ്ട്. 62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു 64.73 എന്ന മികച്ച ശരാശരിയുള്ള താരം കൂടിയാണ് സർഫറാസ്.




