കാസർകോട്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഐജ ആർ. മഹേഷിന്റെ സഹോദരൻ അർജുൻ മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് സ്വദേശി അർജുൻ മഹേഷ് (24) ആണ് മംഗലാപുരത്തെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് അർജുൻ ഷാർജയിൽ നിന്ന് മംഗലാപുരത്ത് വിമാനമിറങ്ങിയത്.
നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ ഏക മലയാളി വിദ്യാർഥിയായിരുന്നു ഐജ ആർ. മഹേഷ്. ജൂൺ രണ്ടിനാണ് പാലാ ബ്രില്യൻസ് കോച്ചിംഗ് സെന്ററിലെ ഹോസ്റ്റലിൽ ഐജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജൂണിലാണ് നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഐജ കോച്ചിംഗ് സെന്ററിൽ പ്രവേശനം നേടിയത്.











