കൊച്ചി: ശബരിമലയില്‍ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി വിലക്കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കോടതി കര്‍ശന നിര്‍ദേശം നൽകി.
മണ്ഡല – മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ കോടതി പരിശോധിച്ചു. തീർഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിനു നിർദേശമുണ്ട്. ഇടത്താളവങ്ങളിലെ സൗകര്യങ്ങൾ സംബന്ധിച്ച് സ്പെഷൽ കമ്മിഷണർ സമര്‍പ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദേശം.
.




