കരിയറിലും വ്യക്തിജീവിതത്തിലും പുതിയ സന്തോഷങ്ങളിലൂടെ കടന്നുപോകുന്ന നടി സമാന്ത രൂത്ത് പ്രഭു, തന്റെ ഏറ്റവും പുതിയ ചിത്രമായ മാ ഇണ്ടി ഭംഗരംയുടെ പ്രമോഷനിടെ റിലേഷൻഷിപ്പുകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഭർത്താവ് രാജ് നിഡിമോരു വിനൊപ്പം ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരിക്കുന്ന സാമന്ത, ഒരു ബന്ധം വിജയകരമാകാൻ ഇരുവരുടെയും ഒരുപോലെ ശ്രമം അനിവാര്യമാണെന്ന് പറഞ്ഞു.
“കരിയറും റിലേഷൻഷിപ്പും പലപ്പോഴും നമ്മുടെ കൈകളിലാണെങ്കിലും, ചില സാഹചര്യങ്ങളിൽ ഒരു ബന്ധം മുഴുവൻ നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല എന്നും ഒരു റിലേഷൻഷിപ്പ് വർക്ക് ചെയ്യാൻ രണ്ടുപേരും തയ്യാറാകണം. ഒരു സ്ത്രീയെന്ന നിലയിൽ ആത്മവിശ്വാസവും ഒരു വ്യക്തിയെന്ന നിലയിൽ പൂർണതയും ഉണ്ടായിരിക്കണം. മറ്റൊരാൾ വന്ന് നമ്മളെ പൂർണ്ണമാക്കുമെന്ന് കരുതി കാത്തിരിക്കുന്നത് ശരിയല്ല,” എന്നാണ് സാമന്ത പറഞ്ഞത്.
ഈ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നത്. നിരവധി നെറ്റിസൺസ് ഈ വാക്കുകളെ നടൻ നാഗ ചൈതന്യ യുടെ നിലവിലെ പങ്കാളിയായ ശോഭിത ധുലിപാല വിവാഹസമയത്ത് പറഞ്ഞ അഭിപ്രായവുമായി താരതമ്യം ചെയ്യുകയാണ്.
“ഒരു വ്യക്തി പൂർണ്ണമാകുന്നില്ല; മറ്റൊരാൾ വന്ന് ആ വിടവ് നികത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ നമ്മളായി പൂർണ്ണരാണെങ്കിലും, അവന്റെ അസാന്നിധ്യത്തിൽ ഞാൻ പൂർണ്ണയായിരിക്കില്ല,” എന്നായിരുന്നു അന്ന് ശോഭിത പറഞ്ഞത്.
ഇരുവരുടെയും ഈ വ്യത്യസ്ത കാഴ്ചപ്പാടുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, താരതമ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും സാമന്തയോ ശോഭിതയോ ഈ വിഷയത്തിൽ പരസ്പരം പ്രതികരിച്ചിട്ടില്ല.






