ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാരക്കരാർ ആഗോള വ്യാപാരചരിത്രത്തിൽ തന്നെ വലിയൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാരക്കരാറാണിത്. ഇത് കൊണ്ട് ഇന്ത്യക്ക് ഏറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നതിൽ തർക്കമില്ല.
എന്നാൽ, ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സംയുക്ത കിസാൻ മോർച്ച. രാജ്യത്തിന്റെ കാർഷിക മേഖലക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ കരാറിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യമുയർത്തിയാണ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 12ന് രാജ്യവ്യാപക പൊതുപണിമുടക്കും വിവിധ ഇടങ്ങളിൽ പ്രതിഷേധ റാലികളും സംഘടിപ്പിക്കുമെന്ന് കിസാൻ മോർച്ച ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. പഴച്ചാറുകളുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെ നികുതി രഹിത ഇറക്കുമതി വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്നുമാണ് ഇവരുടെ വാദം.
അതേസമയം, കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12 ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയും പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയുവിന്റെ നേതൃത്വത്തിൽ രാജ്യത്തെ 3000 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിക്കും. സംയുക്ത കിസാൻ മോർച്ചയുടെയും വിവിധ കർഷക സംഘടനകളുടെയും പിന്തുണയോടെയായിരിക്കും സമരം നടത്തുന്നത്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കർണാടകയിൽ നടപ്പിലാക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്നാണ് പലരും വിലയിരുത്തുന്നത്.
ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാർ ലോകവ്യാപാരത്തിൻറെ 25 ശതമാനത്തെ ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ അവകാശപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉത്പ്പന്നങ്ങളും ഈ കരാറിൻറെ പരിധിയിൽ വരുമെന്നത് കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവ് നൽകും. ഇന്ത്യയിലെ ജ്വല്ലറി മുതൽ സ്പോർട്ട് സാമഗ്രികളുടെ നിർമ്മതാക്കൾക്ക് വരെ കരാർ നേട്ടമുണ്ടാക്കുമെന്ന് പീയൂഷ് ഗോയൽ വിവരിച്ചു. വാണിജ്യ രംഗത്തെ വലിയ മാറ്റങ്ങൾക്കൊപ്പം പ്രതിരോധ സഹകരണ മേഖലയിലും ഈ കരാർ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നതിൽ സംശയമില്ല.
യൂറോപ്യൻ വിപണിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനം ഉത്പന്നങ്ങൾക്കും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ നയതന്ത്ര രംഗത്തെ സുപ്രധാന നാഴികക്കല്ലാണ് ഈ കരാറെന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. 2030 വരെയുള്ള ദീർഘകാല സഹകരണം ഉറപ്പാക്കുന്ന തരത്തിലാണ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്.
സാമ്പത്തിക ഉത്തേജനത്തിന് പുറമെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പങ്കാളിത്തം ഉറപ്പാക്കാനും ഈ ഉടമ്പടി സഹായിക്കും. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായി യൂറോപ്പ് മാറുന്നതിൻറെ തുടക്കമാണിത്.
കൂടാതെ, വ്യാപാര കരാർ കേരളത്തിലെ മത്സ്യ കയറ്റുമതിമേഖലയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. കയറ്റുമതി 20 ശതമാനത്തിലേറെ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. നികുതി പൂർണമായും ഒഴിവാക്കപ്പെടുന്നതോടെ, വിയറ്റ്നാം, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളോട് തുല്യവിലയിൽ മത്സരിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്ക് സാധിക്കും.
2024-25 കാലയളവിൽ ഇന്ത്യയും യൂറോപ്യൻ തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം 190 ബില്യൺ ഡോളറിന് മുകളിലായിരുന്നു. പുതിയ കരാർ ഈ തുകയിൽ കാര്യമായ വർധനവുണ്ടാക്കാൻ സാധ്യതയുണ്ട്.
നമുക്കറിയാം, ഇപ്പോൾ ഇന്ത്യയുടെ കുതിച്ച്ചാട്ടം കണ്ടില്ലെന്നു നടിക്കാനാവില്ല. സാമ്പത്തിക രംഗത്തും വലിയ മാറ്റമാണ് ഇന്ത്യ കൈവരിച്ചത്. ഇങ്ങനെയെല്ലാം നേടിയിട്ടും ഒരു വിഭാഗം ഇതിനെതിരെ തിരിയുന്നത് ഇന്ത്യയെ വീണ്ടും പഴയെ നിലവാരത്തിലേക്കെത്തിക്കാൻ കാരണമാകും.
ഇന്ത്യയിൽ നിന്ന് കയറ്റുമതി ഇരട്ടിയിലധികം വർധിക്കുമെന്നാണ് രാജ്യം മൊത്തം പ്രതീക്ഷിക്കുന്നത്.




