കൊല്‍ക്കത്ത: സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍. ചൊവാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. കൊല്‍ക്കത്തയിലെ നേതാജി സുബാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ ഇടതു വശത്തുള്ള എന്‍ജിനില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധിക്കുകയുണ്ടായി. തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നു മുംബൈയിലേക്കുള്ള ടേക്ക് ഓഫ് വൈകി.
എയര്‍ ഇന്ത്യയുടെ AI180 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാര്‍ നേരിട്ടത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പുലര്‍ച്ചെ 12.45ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എന്‍ജിനില്‍ സാങ്കേതിക തകരാര്‍ നേരിട്ടു. ഏകദേശം നാലു മണിക്കൂറിനു ശേഷം, പുലര്‍ച്ചെ 5.20ന് എല്ലാ യാത്രക്കാരും വിമാനത്തില്‍ നിന്നു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുളള അറിയിപ്പ് പുറപ്പെടുവിച്ചു. വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ക്യാപറ്റന്‍ യാത്രക്കാരെ അറിയിക്കുകയുണ്ടായി. അഹമ്മദാബാദിലെ വിമാനാപകടം സംഭവിച്ച് അഞ്ചു ദിവസത്തിനു ശേഷമാണ് വീണ്ടും എയര്‍ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാര്‍ നേരിടുന്നത്.






