കണ്ണൂർ: മണലെടുപ്പുമായി ബന്ധപ്പെട്ട് സമാന്തര കമ്മിറ്റികൾ ഉണ്ടാക്കി കോടികൾ കവർന്ന കേസിൽ മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ മുൻ പ്രസിഡന്റുമാരും സെക്രട്ടറിമാരുമടക്കം 23 പേർക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. 2007 മുതൽ 2012 വരെ അഡൂർ, കോവുന്തല, ചൂളിയാട്, പരിപ്പൻകടവ് എന്നിവിടങ്ങളിൽ നിന്നുള്ള മണലെടുപ്പിലാണ് ക്രമക്കേട് നടന്നത്. കടവ് കമ്മിറ്റികൾക്ക് പകരം സ്വകാര്യ വ്യക്തികളെ ഉൾപ്പെടുത്തി പൂഴിത്തൊഴിലാളി കമ്മിറ്റികൾ രൂപീകരിച്ചാണ് മണൽ ശേഖരണവും വിൽപ്പനയും നടത്തിയതെന്ന് വിജിലൻസ് കണ്ടെത്തി.
ഈ കാലയളവിൽ മലപ്പട്ടം സർവീസ് സഹകരണ ബാങ്കിലെ നാല് അക്കൗണ്ടുകളിലായി 8.33 കോടി രൂപ എത്തിയപ്പോൾ, പഞ്ചായത്ത് രേഖകളിൽ 2.07 കോടി രൂപയുടെ മണൽ വിറ്റതായി മാത്രമാണ് കാണിച്ചിരുന്നത്. ഇതിലൂടെ 6.26 കോടി രൂപയുടെ നഷ്ടം പഞ്ചായത്തിനും സർക്കാറിനും ഉണ്ടായതായി കുറ്റപത്രത്തിൽ പറയുന്നു.
മണൽ വിൽപ്പനയുടെ പേരിൽ നിയമലംഘനങ്ങൾ നടന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ ഗൂഢാലോചന നടത്തി അനധികൃതമായി മണൽ വിൽപ്പനയ്ക്ക് വഴിയൊരുക്കിയതായും വിജിലൻസ് വ്യക്തമാക്കി. കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. അനിൽകുമാർ, സി. സുധാമണി എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.






