പാലക്കാട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബിജെപി സംഘപരിവാർ പ്രവർത്തകരുടെ ആവേശം, സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം, ചാനൽ ചർച്ചകളിലെ തീപ്പൊരി, യുവത്വം തുളുമ്പുന്ന നേതാവ് എന്നിങ്ങനെയൊക്കെയായിരുന്നു പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്.
ആരാണയാൾ മോഹൻ ജോർജ് .. ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കി? സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. ചുങ്കത്തറ സ്വദേശിയായ മോഹൻജോർജ്, നേരത്തെ കേരള കോൺഗ്രസ് നേതാവായിരുന്നു.
യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപി നിലമ്പൂരില്‍ മല്‍സരത്തിനിറങ്ങുന്നതുമായി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നത് നേതൃത്വത്തിന് എതിരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഘടകക്ഷിയായ ബിഡിജെഎസിന് സീറ്റ് നല്‍കാനും ഒരു ഘട്ടത്തില്‍ ആലോചനകള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.






