പിണങ്ങി നില്‍ക്കുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന് ഓരോ ദിവസവും നല്‍കുന്നത് പുതിയ തലവേദനകള്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കിട്ട അതിവൈകാരികമായ, താനും കണ്ണൂരും തമ്മിലുള്ള ബന്ധം വര്‍ണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ചില്ലറ കോളിളക്കമല്ല കോണ്‍ഗ്രസിനകത്ത് ഉണ്ടാക്കിയിരിക്കുന്നത്. തനിക്ക് മുറിവേറ്റെന്ന ധ്വനിയുള്ള പോസ്റ്റിന് പിന്നാലെ അനുയായികള്‍ കണ്ണൂരിലെ വീട്ടിലേക്ക് ഒഴുകുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടും കെ.പി.സി.സി. നേതൃത്വമുള്‍പ്പെടെ അത് മുഖവിലയ്‌ക്കെടുക്കാത്തതാണ് സുധാകരനെ ചൊടിപ്പിക്കുന്നത്.
ഇപ്പോള്‍ കൊമ്പുകോര്‍ക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായിട്ടാണ്. കഴിഞ്ഞ ദിവസം കെ സുധാകരന്റെ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നതാണ്. എന്നാല്‍, സുധാകരന് ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള കാര്യം അദ്ദേഹത്തിന് പോലുമറിയില്ലെന്ന് പറഞ്ഞായിരുന്നു സതീശന്റെ പരിഹാസം. സുധാകരനുമായി സംസാരിച്ചു. സീറ്റിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരും കുഴപ്പവുമില്ല. ഫെയ്‌സ്ബുക്ക് എന്താണെന്ന് പോലും സുധാകരന് അറിയില്ലത്രേ. ഇടഞ്ഞു നില്‍ക്കുന്ന സുധാകരനെ വീണ്ടും ചൊടിപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. ആ കുറിപ്പ് തന്റേത് തന്നെയാണെന്നും മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്നും സുധാകരന്‍ കടുപ്പിച്ച് പറഞ്ഞിരിക്കുകയാണ്. മത്സരിച്ചാല്‍ പാര്‍ട്ടിക്ക് എന്താണ് ദോഷമെന്നും അദ്ദേഹം ചോദിച്ചതോടെ കോണ്‍ഗ്രസ് വീണ്ടും വെട്ടിലായി. ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അവസരം നല്‍കണം. സഹപ്രവര്‍ത്തകര്‍ തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. ആഗ്രഹം ഇനിയെങ്കിലും പരിഗണിച്ച് പാര്‍ട്ടി തന്നെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചിട്ടില്ലെന്ന് കൂടി പറഞ്ഞതോടെ വിഡി സതീശന്റെ മറ്റൊരു വാദം കൂടി പൊളിയുകയാണ്.
സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലും കൊണ്ടുനടക്കാന്‍ കഴിയാത്ത ആളാണ് സുധാകരന്‍ എന്നല്ലേ സതീശന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നാണ് ഫേസ്ബുക്കില്‍ വന്ന ഒരു കമന്റ്. സുധാകരന്റെ നിര്‍ദ്ദേശപ്രകാരമല്ലാതെ മറ്റാര്‍ക്കാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ഇടാന്‍ കഴിയുക എന്ന ചോദ്യവും അണികള്‍ ചോദിക്കുന്നു. സതീശന്റെ ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനേ ഉപകരിക്കൂ എന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
മത്സരിക്കുക എന്നതിനപ്പുറം തനിക്ക് മറ്റൊരു ആവശ്യവുമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന സുധാകരന്‍, പൊതുപരിപാടികള്‍ എല്ലാം ബഹിഷ്‌കരിച്ച് വീട്ടില്‍ തന്നെ തുടരുകയാണ്. യാതൊരു അനുനയ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നും വ്യക്തമാക്കുന്നു. ഇനി തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ച നടക്കുന്നതുവരെ പരസ്യ പ്രതികരണത്തിനില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.
കണ്ണൂരിനെ സംബന്ധിച്ച് അവിടുത്തെ പുലിക്കുട്ടിയാണ് കെ സുധാകരന്‍. ഇടതിന്റെ കോട്ടയില്‍ കയറി അവരെ പലതവണ വെല്ലുവിളിച്ച ധീരന്‍. ഈ പരിവേഷമൊന്നും അങ്ങനെ മങ്ങിപ്പോവുകയുമില്ല. അനുനയനീക്കം ഫലം കണ്ടില്ലെങ്കില്‍ വലിയ തിരിച്ചടികള്‍ക്ക് വഴിവെക്കുമെന്ന ബോധ്യവും കോണ്‍ഗ്രസിനുണ്ട്. കണ്ണൂരിന്റെ പുലിക്കുട്ടിയെന്ന് അണികള്‍ ആര്‍ത്തുവിളിക്കുന്ന സുധാകരന്‍ പണ്ട് തന്നെ കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റിയ രീതിയെ പരസ്യമായി ചോദ്യം ചെയ്തിട്ടുള്ളയാളുമാണ്. വിളിച്ചാല്‍ വിളിപ്പുറത്തുനില്‍ക്കുന്ന പ്രവര്‍ത്തകര്‍ തനിക്കുണ്ടെന്നും തനിക്ക് അവര്‍ മതിയെന്നുമായിരുന്നു പ്രഖ്യാപനം. അതേ ആള്‍ബലം കാണിച്ചാണ് ഇപ്പോഴും അദ്ദേഹം നേതൃത്വത്തെ വെല്ലുവിളിക്കുന്നത്. അണികളെയും അനുയായികളായ നേതാക്കളെയും ഉപയോഗിച്ച് ഹൈക്കമാന്‍ഡിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്താനാണ് ശ്രമം. ഇത്രയും വലിയൊരു ഗ്രൗണ്ട് സപ്പോര്‍ട്ടുള്ള ഒരാളെ പിണക്കുന്നതും കോണ്‍ഗ്രസിന് ഭൂഷണമാകില്ല.
എംപമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ ദിവസങ്ങളിത്രയും കഴിഞ്ഞിട്ടും യാതൊരു തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. പ്രധാന നേതാക്കള്‍ തന്നെ രണ്ട് തട്ടിലാണ്. എന്തൊക്കെ വന്നാലും കേരളത്തില്‍ ഇപ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. വിഡി സതീശനും സുധാകരന്റെ അനുയായിയായിരുന്ന സണ്ണി ജോസഫും ഇതേ പിടിവാശിയിലാണ്. നൂറല്ല, 110 ശതമാനം കണ്ണൂരില്‍ മത്സരിക്കുമെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയുന്ന സുധാകരന്റെ കണ്ണൂരുമായുള്ള ഹൃദയബന്ധം സൂചിപ്പിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിനോട് പക്ഷേ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഹൃദയബന്ധം നിലനിര്‍ത്തി എം.പി.യായി തുടരൂ എന്ന രീതിയിലും കമന്റുകള്‍ വരുന്നുണ്ട്. എന്തായാലും ഈ വിഷയം കോണ്‍ഗ്രസിനെ കൂടുതല്‍ പിളര്‍ത്തുന്നതിന് മുമ്പ് തീരുമാനമാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.






