മലപ്പുറം : സിവിൽ വ്യവഹാരങ്ങളിലും ഗുരുതരമല്ലാത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേഗ പരിഹാരം ലക്ഷ്യമിട്ട് രാജ്യത്ത് ആദ്യമായി ലീഗൽ സർവീസസ് അതോറിറ്റിയിലൂടെ ‘സമയം’ എന്ന നൂതന സംവിധാനം മലപ്പുറം ജില്ലയിൽ ആരംഭിച്ചു. കോടതികളിലെ തിരക്കും കേസുകളുടെ കാലതാമസവും കുറയ്ക്കാനും സമയബന്ധിതമായി നീതി ലഭ്യമാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പോലീസിന് കൈകാര്യംചെയ്യാൻ സാധിക്കാത്തതും ഭാവിയിൽ ക്രിമിനൽ കേസാകാൻ സാധ്യതയുള്ളതുമായ തർക്കങ്ങളാണ് പദ്ധതിയിലൂടെ പരിഹരിക്കുന്നത്. പരിശീലനം ലഭിച്ച അഭിഭാഷകരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിലാണ് തർക്കങ്ങൾ പരിഹരിക്കുന്നത്. ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. ‘സമയം’ പദ്ധതിയിലേക്ക് 15100 എന്ന ടോൾ ഫ്രീ നമ്പർ വഴിയും ബന്ധപ്പെടാം.
പദ്ധതിയിലൂടെ പരമാവധി ഒരു മാസത്തിനകം പരിഹാരം കാണാൻ സാധിക്കും. പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കോ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കോ കൈമാറും. തുടർന്ന്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നിയോഗിക്കുന്ന പരിശീലനം ലഭിച്ച അഭിഭാഷകരടങ്ങിയ പ്രത്യേക പാനൽ ഇരുകക്ഷികളുമായി ചർച്ച നടത്തും.
ശാസ്ത്രീയ പരിശീലനം ലഭിച്ച കൗൺസിലർമാർ, പാരാലീഗൽ വൊളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രശ്നം പരിഹരിച്ച് ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു കരാർ രൂപവത്കരിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നിശ്ചയിക്കുന്ന ജഡ്ജിയുടെ സാന്നിധ്യത്തിൽ വിധിയായി പുറപ്പെടുവിക്കുന്ന ഈ കരാറിന് കോടതിവിധിക്ക് തുല്യമായ നിയമസാധുതയുണ്ട്. ഈ വിധി നടപ്പാക്കിയില്ലെങ്കിൽ പരാതിക്കാരന് കോടതിയെ നേരിട്ട് സമീപിക്കാൻ സാധിക്കും.
ഓരോ ജില്ലയിലും 25 പേരടങ്ങുന്ന അഭിഭാഷകരുടെ പാനലുകൾ ഇതിനായി തയ്യാറാക്കും. കേരള ഹൈക്കോടതി അധ്യക്ഷനും കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യുട്ടീവ് ചെയർമാൻ നാമനിർദേശം ചെയ്യുന്ന രണ്ട് അംഗങ്ങളും ഉൾപ്പെടുന്നതാണ് ‘സമയം’ സംസ്ഥാനതല പ്രവർത്തക സമിതി. സംസ്ഥാന കോർഡിനേറ്ററായി മുതിർന്ന ഒരു അഭിഭാഷകൻ പ്രവർത്തിക്കും. സംസ്ഥാന, ജില്ലാ തലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ നോഡൽ ഓഫീസർമാരായും പ്രവർത്തിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് തല ലീഗൽ സർവീസസ് കമ്മിറ്റിക്കുമാണ് ഇതിന്റെ നടത്തിപ്പ് ചുമതല.






