കോട്ടയം: തിങ്കളാഴ്ച അർധരാത്രി പള്ളത്ത് നടന്ന വാഹന അപകടത്തിൽ എംആർഎഫ് ജീവനക്കാരൻ പള്ളം പള്ളിക്കുന്നേൽ പി.ജെ.ഏബ്രഹാം (56) മരിച്ച സംഭവത്തിൽ, ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ ചിങ്ങവനം പൊലീസ് കണ്ടെത്തി. മാവേലിക്കര ചെന്നിത്തല സ്വദേശിയുടേതാണു കാർ. കാറുടമ മറ്റൊരാൾക്ക് ഓടിക്കാൻ കൊടുത്തതാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് എംസി റോഡിൽ ബോർമ കവലയ്ക്കു സമീപം, ഏബ്രഹാം സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാറിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിച്ച വാഹനത്തിൽനിന്നു റോഡിൽ അടർന്നുവീണ ഒരു ഭാഗം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയായിരുന്നു.
സംഭവ സമയത്ത് ഈ വഴി കടന്നുപോയ വാഹനങ്ങളുടെ വിവരം പൊലീസ് ശേഖരിച്ചു. ആ സമയത്തു വന്ന മൂന്ന് കാറുകളിലൊന്ന് അമിതവേഗത്തിലായിരുന്നു. ഈ കാറിന്റെ ഹെഡ്ലൈറ്റ് ഓഫ് ചെയ്തിരുന്നതായും കണ്ടെത്തി. ഈ സമയത്തു എത്തിയ ടൂറിസ്റ്റ് ബസിന്റെ ദൃശ്യവും ലഭിച്ചു. ബസ്സിനെ, കാർ അമിതവേഗത്തിൽ മറികടന്നതായി ഡ്രൈവർ പറഞ്ഞു. ഈ ബസ്സിലെ ഡാഷ് ബോർഡിൽ ഉള്ള ക്യാമറയിൽ നിന്നാണു കാറിനെപ്പറ്റി വ്യക്തമായ വിവരം കിട്ടിയത്.






