മലപ്പുറം: രണ്ട് കിലോഗ്രാമോളം കഞ്ചാവ് കൈവശം വെച്ച കേസിൽ രണ്ട് അന്തർസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.ഊരകം വില്ലേജിലെ യാറംപടിയിൽ ആലിപ്പറമ്പിൽ കോയയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. അറസ്റ്റ് ചെയ്‌തത് വെസ്റ്റ് ബംഗാൾ സ്വദേശി ബിനോദ് ലെറ്റ് (33), ബിഹാർ സ്വദേശി അഖിലേഷ് കുമാർ (31) എന്നിവരെയാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും, ഇതിന് പിന്നിൽ കൂടുതൽ കണ്ണികളുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. ആസിഫ് ഇക്ബാൽ, പ്രിവെന്റീവ് ഓഫീസർ പ്രഭാകരൻ പള്ളത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനീത്, വിപിൻ, വനിത ഓഫീസർ ധന്യ, ഡ്രൈവർ മുഹമ്മദ് നിസാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






