പാലക്കാട്: ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ കുന്നത്തൂർ മേട്ടിലുള്ള ഫ്‌ളാറ്റിലാണ് എസ്‌ഐടി സംഘം വിശദമായ പരിശോധന നടത്തിയത്. ഫ്‌ളാറ്റിൽനിന്നും ഒരുമാസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ബാക്കി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.
പാലക്കാട്ടെ ഫ്‌ളാറ്റിലെത്തിച്ച് രാഹുൽ പീഡിപ്പിച്ചുവെന്ന് പരാതിക്കാരി നൽകിയ മൊഴിയിലുണ്ട്. പരാതിക്കാരിയായ യുവതി ഫ്‌ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾക്കുവേണ്ടി സെക്യൂരിറ്റി റൂമിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും ഈ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. യുവതി പറയുന്ന കാലയളവിലെ ദൃശ്യങ്ങൾ ഇവിടെ ലഭ്യമല്ല. അത്രയും കാലം മുൻപത്തെ ദൃശ്യം ഡിവിആറിൽ സൂക്ഷിക്കാൻ കഴിയില്ല എന്നതിനാലാണിത്. എന്നാൽ അവ വീണ്ടെടുക്കാനുള്ള ശ്രമം തുടരാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
രാവിലെ ഫ്‌ളാറ്റിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗസംഘം ഫ്‌ളാറ്റിലെത്തിയത്. ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ വഴി കണ്ടെത്താനുള്ള പരിശോധനയിലാണ് പാലക്കാട്ടെ പൊലീസ്. നഗരത്തിലെ 9 ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. എസ്‌ഐടിയുടെ ആവശ്യപ്രകാരമാണ് പാലക്കാട്ടെ പൊലീസ് പരിശോധന നടത്തുന്നത്.






