ചെന്നൈ: ചെന്നൈ എഗ്മോർ–മംഗളൂരു പ്രത്യേക തീവണ്ടിയിലെ സീറ്റുകൾ ബുക്ക് ചെയ്ത് തീർന്നു. വെള്ളിയാഴ്ച വൈകീട്ടാണ് ശനിയാഴ്ച രാത്രി 11.55ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചത്. അവസാന നിമിഷത്തിൽ തീവണ്ടി പ്രഖ്യാപിച്ചതിനെതിരെ യാത്രക്കാർ അമർഷം രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ശനിയാഴ്ച ഉച്ചയോടെ തന്നെ സ്ലീപ്പർ, മൂന്നാം എ.സി. കോച്ചുകളിലെ സീറ്റുകൾ പൂർണമായും ബുക്ക് ചെയ്തു. രണ്ടാം എ.സി. കോച്ചുകളിൽ പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് അപ്പോൾ ബാക്കിയുണ്ടായിരുന്നത്. വൈകീട്ടോടെ രണ്ടാം എ.സി.യിലെ സീറ്റുകളും ബുക്ക് ചെയ്തു തീർന്നു. ശനിയാഴ്ച രാത്രി പുറപ്പെടുന്ന തീവണ്ടിയിലേക്കുള്ള റിസർവേഷൻ ആരംഭിച്ചത് അന്നുതന്നെ രാവിലെ എട്ടിനായിരുന്നു. എന്നിട്ടും മണിക്കൂറുകൾക്കുള്ളിൽ ഭൂരിഭാഗം സീറ്റുകളും ബുക്കായി.
പൂജാ അവധിക്കാലത്ത് ചെന്നൈയിൽനിന്ന് വടക്കൻ കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന ആവശ്യം നേരത്തേ തന്നെ ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കുകയും അധികൃതരോട് പലതവണ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും യാത്രയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെയാണ് പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചത്.
തീവണ്ടി പ്രഖ്യാപിച്ച വിവരം വിവിധ സംഘടനാ നേതാക്കൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ മലയാളി യാത്രക്കാർക്കിടയിൽ പ്രചരിപ്പിച്ചു. ഇതുവഴി കൂടുതൽ യാത്രക്കാർക്ക് പ്രത്യേക സർവീസിനെക്കുറിച്ച് അറിയാനായി. പലരും ഇതിനകം സമാന്തര യാത്രാസംവിധാനങ്ങളിൽ നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തിരുന്നു.
ചെന്നൈയിൽനിന്ന് മംഗളൂരു ഭാഗത്തേക്കുള്ള പ്രത്യേക തീവണ്ടികൾ ഇനിയെങ്കിലും നേരത്തേ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കഴിഞ്ഞ ഓണക്കാലത്തും മംഗളൂരുവിലേക്കുള്ള പ്രത്യേക തീവണ്ടി അവസാന നിമിഷമാണ് പ്രഖ്യാപിച്ചത്. ഇത്തരം നടപടി റെയിൽവേ അവസാനിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.




