കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തിലെ രാഷ്ട്രീയമായി നിർണായകമായ 142 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച പോളിങ് നടക്കുന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം 6.30 വരെ തുടരും. കൊൽക്കത്ത, ഹൗറ, നോർത്ത്-സൗത്ത് 24 പർഗാനാസ്, നാദിയ, ഹൂഗ്ലി, പുർബ ബർധമാൻ എന്നീ ജില്ലകളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ്.
തൃണമൂൽ കോൺഗ്രസിന്റെ ശക്തമായ കോട്ടയായി പരിഗണിക്കപ്പെടുന്ന ഈ മേഖലയിൽ 2021ലെ തിരഞ്ഞെടുപ്പിൽ 142 സീറ്റുകളിൽ 123 എണ്ണം നേടി പാർട്ടി ആധിപത്യം പുലർത്തിയിരുന്നു. ബിജെപിക്ക് അന്ന് 18 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഈ കോട്ട നിലനിർത്തി നാലാം തവണയും അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രി മമത ബാനർജി ശ്രമിക്കുമ്പോൾ, അതിനെ മറികടക്കാൻ ബിജെപിക്ക് സാധിക്കുമോ എന്നതാണ് രാഷ്ട്രീയ രംഗം ശ്രദ്ധയോടെ നിരീക്ഷിക്കുന്നത്.
പതിവിൽ നിന്ന് വ്യത്യസ്തമായി വോട്ടെടുപ്പ് ദിനത്തിൽ തന്നെ മമത ബാനർജി നേരിട്ട് പോളിങ് ബൂത്തുകൾ സന്ദർശിച്ചത് ശ്രദ്ധേയമായി. സാധാരണയായി ഇത്തരത്തിലുള്ള സന്ദർശനങ്ങൾ ഒഴിവാക്കാറുള്ള മമത, ഇത്തവണ ഫിർഹാദ് ഹക്കിമിന്റെ വസതിയും സന്ദർശിക്കുകയും കൊൽക്കത്ത പോർട്ട് മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ പര്യടനം നടത്തുകയും ചെയ്തു. വോട്ടെടുപ്പ് ദിനത്തിൽ ഇത്തരത്തിൽ പുറത്തിറങ്ങുന്നത് മമതയ്ക്ക് അപൂർവമാണ്.
ഇതിനിടെ ചിലയിടങ്ങളിൽ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു. ബാലിയിൽ ഇവിഎം തകരാറിനെ തുടർന്ന് ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ രണ്ട് പേരെ സിആർപിഎഫ് കസ്റ്റഡിയിലെടുത്തു. എൻടലി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി പ്രിയങ്ക തിബ്രേവാളും പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാസേനയും തമ്മിൽ വാക്കുതർക്കമുണ്ടായി. ബൂത്തിനുള്ളിലെ സ്ഥലപരിമിതിയെച്ചൊല്ലി ബിജെപി പോളിങ് ഏജന്റിനെ പുറത്താക്കിയതാണ് വിവാദത്തിന് കാരണമായത്.




