കൊല്ലം: ജൂലൈ ആദ്യ വാരത്തിൽ കൊല്ലം സിറ്റിയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസിൽ രണ്ടാ൦ പ്രതി പിടിയിൽ. ഈ വർഷം കൊല്ലം ജില്ലയിൽ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയിൽ ഗർഭനിരോധന ഉറകളിൽ നിറച്ച് മലദ്വാരത്തിൽ വച്ച് കടത്തിയ 107 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഈ കേസിലെ രണ്ടാം പ്രതിയാണ് നിലവിൽ അറസ്റ്റിലായത്.
ഇരവിപുരം ഉദയതാര നഗർ സ്വദേശി സക്കീർ ഹുസൈനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് ബെംഗളൂരുവിൽ എത്തി പിടികൂടിയത്. ഇയാളുടെ കൂട്ടാളിയായ തട്ടാമല സ്വദേശി അജ്മൽ ഷായെ നേരത്തെ പിടികൂടിയിരുന്നു. ഗർഭനിരോധന ഉറകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ എംഡിഎംഎ കടത്തിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ പ്രതിയായ സക്കീർ ഹുസൈൻ ബെംഗളൂരുവിലാണെന്നുള്ള വിവരം ലഭിച്ചത്. അജ്മൽ ഷാ പിടിയിലായത് അറിഞ്ഞ് സക്കീർ ഹുസൈൻ ഒളിവിൽ പോവുകയായിരുന്നു. അജ്മൽ ഷായുമായി ബെംഗളൂരുവിൽ എത്തിയാണ് തന്ത്രപരമായ നീക്കത്തിലൂടെ സക്കീർ ഹുസൈനെ പിടികൂടിയത്. കൊല്ലത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ലഹരി കടത്ത് ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.






